പൊന്നാനി: കഴിഞ്ഞ ഒന്നര മാസത്തിനിടെ പൊന്നാനി തീരത്തുണ്ടായ കടലാക്രമണത്തിൽ ഭവനരഹിതരാക്കപ്പെട്ടത് 22 കുടുംബങ്ങൾ. ഇവരുടെ വീടുകൾ പൂർണ്ണമായും കടലെടുത്തു.105 വീടുകൾ ഭാഗികമായി തകർന്നു. ഇവയിൽ പകുതിയോളവും താമസയോഗ്യമല്ലാതായി. പൊന്നാനി വില്ലേജ് പരിധിയിലെ തീരദേശത്താണ് കൂടുതൽ നാശനഷ്ടം. പൂർണ്ണമായി തകർന്ന 22 വീടുകളിൽ 16ഉം പൊന്നാനി വില്ലേജ് പരിധിയിലാണ്.
ജൂൺ രണ്ടാംവാരമുണ്ടായ കടലാക്രമണത്തിൽ 12 വീടുകൾ കടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ മൂന്ന് വില്ലേജുകളിലായി 10 വീടുകൾ പൂർണ്ണമായി തകർന്നു. വീടുകൾ നിന്ന ഭൂമിയും കടലെടുത്തു. മഴയും കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ ഭവനരഹിതരുടെ എണ്ണം ഇനിയും കൂടാനാണിട. തീരത്തെ നൂറിൽപരം തെങ്ങുകളാണ് ഒന്നര മാസത്തിനിടെ കടപുഴകിയത്. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരദേശത്ത് 20 മീറ്ററിലേറെ തീരം കടലെടുത്തു.
ഓഖി തിരമാലകൾക്ക് സമാനമായിരുന്നു ഇത്തവണത്തെ കടൽക്ഷോഭം. ജൂണിലുണ്ടായ കടൽക്ഷോഭം ഏറെ ബാധിച്ചത് മുറിഞ്ഞഴി മേഖലയെയാണ്. കടൽഭിത്തിയുള്ളതും ഇല്ലാത്തതുമായ മേഖലയിൽ ഒരു പോലെ നാശനഷ്ടങ്ങളുണ്ടായി. വ്യാപകമായി കര കടലെടുത്തതാണ് വീടുകളുടെ തകർച്ചയ്ക്ക് കാരണമായത്. ആറടി ഉയരത്തിൽ തീരത്തെ മണൽ കടലെടുത്തു.
തീരത്തു നിന്ന് സുരക്ഷിതമായ ദൂരത്തിൽ നിന്നിരുന്ന അഞ്ച് വീടുകളാണ് നിലംപൊത്തിയത്. അഞ്ഞൂറോളം വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറി. വലിയ മണൽശേഖരമാണ് തിരമാലകൾ വീടുകൾക്കകത്ത് നിക്ഷേപിക്കുന്നത്. പകുതിയിലേറെ മണൽ മൂടി താമസയോഗ്യമല്ലാതായ 12 വീടുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണം പുതുപൊന്നാനി മുല്ലറോഡിലും വെളിയങ്കോട് തണ്ണിത്തുറയിലുമാണ് നാശനഷ്ടങ്ങളുണ്ടാക്കിയത്. രണ്ടിടത്തെയും മൂന്ന് വീതം വീടുകൾ പൂർണ്ണമായും കടലെടുത്തു. ഇത്തവണ കടലെടുത്ത വീടുകൾക്കു മുന്നിൽ നേരത്തെ നാല് നിര വീടുകളുണ്ടായിരുന്നു. ഇവയെല്ലാം ഓരോ കാലത്ത് കടലെടുത്ത് പോയവയാണ്. നിലവിൽ കടലാക്രമണം നേരിടുന്ന വീടുകളുടെ പിന്നിലുള്ളവർ ഭവനരഹിതരാകാൻ അടുത്ത ഊഴം നേരിടുന്ന അവസ്ഥയിലാണ്.
പദ്ധതികൾ നടപ്പായില്ല
തീരത്തിന്റെ വിവിധയിടങ്ങളിൽ കടൽഭിത്തിക്ക് പകരം ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
താത്കാലിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനുള്ള അടിയന്തര ഇടപെടലുകളും ഫലപ്രദമായില്ല.
തീരത്തിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിച്ച് ശാശ്വത പരിഹാരം കാണാൻ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് വേഗത പോരെന്ന ആക്ഷേപമുണ്ട്.
കടലെടുത്തത്
കഴിഞ്ഞ 15വർഷത്തിനിടെ പൊന്നാനി തീരത്തുനിന്ന് കടലെടുത്തത് 1800 ഏക്കർ ഭൂമിയാണ്.
റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരം പൊന്നാനി അഴിമുഖം മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുളള പന്ത്രണ്ട് കിലോമീറ്റർ ഭാഗത്ത് തീരദേശവാസികൾക്ക് പതിച്ചുനൽകിയ 700 മീറ്റർ ഭൂമി കടലെടുത്തതായാണ് കണക്കാക്കപ്പെടുന്നത്.
തീരദേശ പരിപാലന നിയമ പ്രകാരം നിശ്ചയിച്ച ഭാഗത്തുനിന്ന് 700 മീറ്റർ പരിധിയിലുളള ഭൂമിയാണ് കടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് തീരത്തേക്കുളള കടൽകൈയേറ്റം രൂക്ഷമായത്.
ഒരോ വർഷവും ഈ മേഖലയിൽ 20 മുതൽ 40 മീറ്റർ വരെ തീരം കടലെടുത്തതായാണ് കണക്ക്.
12 കിലോമീറ്റർ പരിധിയിലാകുമ്പോൾ കടലെടുക്കുന്ന മൊത്തം ഭൂമിയുടെ വിസ്തീർണ്ണം 48 കിലോമീറ്ററാണ്. ഇതേതാണ്ട് 150 ഏക്കറിൽ ഏറെവരും.