പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ബി.ജെ.പി. പിന്തുണയോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു.ബി.ജെ.പി. പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രസിഡന്റ് പദവി വേണ്ടെന്ന് വെച്ചു.
ഇടതുപക്ഷ മുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റായിരുന്ന അഡ്വ.ഇ.സിന്ധു രാജിവച്ച ഒഴിവിലേക്ക് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ മുഹൂർത്തങ്ങൾക്ക് പഞ്ചായത്ത് ഹാൾ സാക്ഷ്യം വഹിച്ചത്. എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധി സ്മിത ജയരാജനും യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി ഹനീഫ പാലക്കലുമാണ് മത്സരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഒമ്പത് വോട്ട് ലഭിച്ചു. ബി. ജെ.പിയുടെ രണ്ട് വോട്ടുൾപ്പെടെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്തു വോട്ട് നേടി. തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഹനീഫ പാലക്കലിനെ പുതിയ പ്രസിഡന്റായി വരണാധികാരി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ പി.ബഷീർ പ്രഖ്യാപിച്ചു.
എന്നാൽ ബി.ജെ.പി. പിന്തുണയിൽ തങ്ങൾക്ക് ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹനീഫ സത്യപ്രതിജ്ഞ ചെയ്തില്ല. തുടർന്ന് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നില്ലെന്ന് കാണിച്ച് വരണാധികാരിക്ക് കത്ത് സമർപ്പിച്ചു. യു.ഡി.എഫ്. അംഗങ്ങൾ ബോർഡ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 14 ദിവസത്തിനു ശേഷം വീണ്ടും നടക്കും.
യു.ഡി.എഫ് അംഗങ്ങളുടെ നിലപാടിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ മാറഞ്ചേരി സെന്ററിൽ പ്രകടനം നടത്തി.