സ്വന്തം ലേഖകൻ
മലപ്പുറം: പി.എസ്.സി റാങ്ക് പട്ടികകളിലായി നിരവധി ഉദ്യോഗാർത്ഥികൾ നിയമനം പ്രതീക്ഷിച്ച് കഴിയുമ്പോൾ ജില്ലയിൽ വിവിധ വകുപ്പുകളിൽ ആകെ റിപ്പോർട്ട് ചെയ്തത് 1,313 ഒഴിവുകൾ. ഇതിൽ 391എണ്ണം പ്രതീക്ഷിത ഒഴിവുകളാണ്. ഇതിൽ 351ഉം എം.എസ്.പിക്ക് കീഴിലാണ്. ഒഴിവുകൾ ഉണ്ടാവുന്ന മുറയ്ക്ക് യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പ് മേധാവികൾക്കും നിയമനാധികാരികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും പല വകുപ്പുകളും ഇതു പാലിക്കുന്നില്ല. ഈ വർഷത്തെ പ്രതീക്ഷിത ഒഴിവുകളും മുൻകൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ലാന്റ് റവന്യൂ വകുപ്പിൽ നിന്ന് എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ രണ്ട് പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസ് അറ്റൻഡന്റ് -1 , സിവിൽ സപ്ലൈസ് അറ്റൻഡന്റ് - 2, എൽ.എസ്.ജി.ഡി അറ്റൻഡന്റ്- 1, ആയുർവേദ വകുപ്പ് ഡ്രൈവർ, നേഴ്സ് - 1 വീതം, സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ - 2, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് - 1, സിവിൽ എക്സൈസ് ഓഫീസർ- 5 എന്നിങ്ങനെയാണ് പ്രതീക്ഷിത ഒഴിവുകൾ. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ്- 55, വിവിധ വകുപ്പുകളിലായി ക്ലർക്ക് 95, എൽ.ഡി ടൈപ്പിസ്റ്റ് - 16, ക്ലർക്ക് ടൈപ്പിസ്റ്റ് - 8, എൽ.പി സ്കൂൾ അസിസ്റ്റന്റ് - 134, യു.പി. സ്കൂൾ അസിസ്റ്റന്റ് - 111, ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് )- 20, എച്ച്.എസ്.എ അറബിക് 10, എച്ച്.എസ്.എ മാത്സ്- 29, എച്ച്.എസ്.എ സോഷ്യൽ സ്റ്റഡീസ് - 35 , സപ്ലൈക്കോ സെയിൽസ് അസിസ്റ്റന്റ് - 16, സിവിൽ പൊലീസ് ഓഫീസർ (എം.എസ്.പി) - 140 , ആരോഗ്യവകുപ്പ് ജെ.പി.എച്ച്.എൻ ഗ്രേഡ് 2 സെക്കന്റ് 16, മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 13 എന്നിങ്ങനെയാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. മിക്ക വകുപ്പുകളും നാമമാത്രമായ ഒഴിവുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
തന്നിഷ്ടം പോലെ
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ താത്ക്കാലികമായി നികത്തിയാണ് പല വകുപ്പുകളും മുന്നോട്ടുപോവുന്നത്.
എക്സ്ചേഞ്ച് വഴി നടത്തേണ്ട താത്കാലിക നിയമനങ്ങൾ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി സ്വന്തം നിലയ്ക്ക് നികത്തുന്ന വകുപ്പ് മേധാവികളുമുണ്ട്.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും മറ്റും വഴങ്ങിയുള്ള നിയമനങ്ങളിൽ പലപ്പോഴും ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖങ്ങൾ പ്രഹസനമാണ്.
നടപടിയില്ല
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം വിവിധ വകുപ്പ് ഓഫീസുകളിൽ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളുണ്ടെങ്കിൽ ഇതു കണ്ടെത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതൊന്നും നടക്കുന്നില്ല.