മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിൽ ഇതുവരെ 45 വീടുകൾ പൂർണ്ണമായി തകർന്നു. മൺസൂൺ തുടങ്ങിയ ജൂൺ എട്ട് മുതൽ ജൂലൈ 22 വരെയുള്ള കണക്കാണിത്. 225 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച്ച മാത്രം ആറ് വീടുകളാണ് തകർന്നത്. ഒരാളുടെ ജീവനും ഈ മഴക്കാലത്ത് നഷ്ടമായി. കടലാക്രമണ ഭീതിയിലുള്ള കുടുംബങ്ങളെ താമസിപ്പിക്കാനായി പൊന്നാനിയിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 14 പേരാണ് ഇവിടെയുള്ളത്.
1.81 കോടിയുടെ കൃഷി നാശമാണ് ജില്ലയിലുണ്ടായത്. 43.48 ഹെക്ടറിലെ കൃഷി നശിച്ചു. നേന്ത്രവാഴ കർഷകർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. 525 വാഴകർഷകരാണ് മഴ മൂലം ദുരിതത്തിലായത്. 58,048 നേന്ത്രവാഴകൾ ഒടിഞ്ഞുതൂങ്ങി. തെങ്ങ്, കമുക്, റബർ കർഷകർക്കും നാശമുണ്ടായിട്ടുണ്ട്. ജില്ലയിൽ ആകെ 750 കർഷകരെയാണ് മഴ ദുരിതത്തിലാക്കിയത്.