private-bus

പരപ്പനങ്ങാടി: പണി ഇങ്ങനെയും വരുമെന്ന് കണ്ടക്ടർ തീരെ വിചാരിച്ചിരിക്കില്ല. എൽ.പി. സ്കൂൾ വിദ്യാർത്ഥിയെ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതിരുന്നതിന് നല്ലനടപ്പു ശിക്ഷയായി സ്വകാര്യ ബസ് കണ്ടക്ടർക്കു കിട്ടിയത് ശിശുഭവനിൽ പത്തു ദിവസം കെയർ ടേക്കർ ആയി ജോലിചെയ്യാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. തവനൂർ ശിശുഭവൻ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം പരിശോധിച്ച ശേഷമായിരിക്കും അനന്തര നടപടിയെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. ബസ് ആർ.ടി.ഒ ഇന്നലെ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വേങ്ങരയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്ത എൽ.പി സ്കൂൾ വിദ്യാർത്ഥിയെയാണ് കണ്ടക്ടർ സ്റ്റോപ്പിൽ ഇറക്കാതെ, മൂന്നൂറു മീറ്ററോളം ദൂരെ മഴയത്ത് ഇറക്കിവിട്ടത്. സഹോദരിയും ബസിൽ ഉണ്ടായിരുന്നെങ്കിലും തിരക്കു കാരണം കുട്ടിക്ക് ഒരുമിച്ചിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അനിയൻ ഇറങ്ങിയിട്ടില്ലെന്ന് പെൺകുട്ടി റോഡിൽ നിന്ന് വിളിച്ചുപറഞ്ഞിട്ടും, അതു കേൾക്കാതെ ബസ് വിടുകയായിരുന്നു. ബസിലുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകൻ കെ.പി. ഷാജഹാൻ ഇക്കാര്യം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നായിരുന്നു നടപടി.

മലപ്പുറത്ത് സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി, ബസുകൾ സമയകൃത്യത പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പിന്നിലെ ബസിലെ ഒരു ജീവനക്കാരൻ നേരത്തേ പുറപ്പെട്ട ബസിൽ കയറുന്ന രീതിയുണ്ട്. ഇയാളാണ് കുട്ടിയെ ഇറക്കുന്നതിൽ വീഴ്ച വരുത്തിയതെങ്കിലും ഉത്തരവാദിത്വം കണ്ടക്ടർക്കാണെന്ന് സംഭവം അന്വേഷിച്ച ആർ.ടി.ഒ റിപ്പോർട്ട് നൽകിയിരുന്നു.ശിശുഭവനിലെ അന്തരീക്ഷവുമായി ഇടപഴകി, കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നയാളായി കണ്ടക്ടർ തിരിച്ചുവരട്ടെയെന്ന് നടപടി വിവരം വിശദീകരിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ ജില്ലാ കളക്ടർ പറഞ്ഞു.