മലപ്പുറം: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച അവശ കുടുംബങ്ങൾക്ക് കാൽലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രത്യുത്ഥാനം' പദ്ധതിയിൽ നിന്ന് ജില്ല പുറത്ത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെട്ടത്. ദുരിതബാധിത പട്ടികവർഗ്ഗക്കാർ ഏറെ താമസിക്കുന്ന ജില്ലയെന്ന നിലയിലാണ് പാലക്കാടിനെ ഉൾപ്പെടുത്തിയത്. പ്രളയദുരിതം ഏറെ പേറിയ ജില്ലയെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രളയ ബാധിത ജില്ലാപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഇനി ഒരാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്.
വീട് പൂർണ്ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിലെ കാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ, കിടപ്പ് രോഗികൾ, മാനസികപരിമിതരായ ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള വിധവകൾ എന്നിവർക്കാണ് പദ്ധതി വഴി ധനസഹായം ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 10 കോടിയും യു.എൻ.ഡി.പിയിൽ നിന്നുള്ള 8.25 കോടിയും ഉൾപ്പെടെ 18.25 കോടിയാണ് നൽകുക.
ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിൽ നിന്ന് 1,100 പേർക്ക് സഹായം ലഭിക്കും. ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുക ഈ ജില്ലകളിൽ നിന്നാവും.
പ്രളയ ദുരിതാശ്വാസം നൽകാൻ ജില്ലാ കളക്ടർമാർ അംഗീകാരമേകിയ പട്ടികയിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വീട്ടുവളപ്പിലെ ചരിവുകൾ, കുഴികൾ എന്നിവ നികത്തുക, അംഗപരിമിതർക്ക് റാമ്പുകൾ നിർമ്മിക്കുക, കട്ടിലിന്റെ വശങ്ങളിൽ കൈപ്പിടി ഘടിപ്പിക്കുക, വീൽചെയറിന് പ്രവേശിക്കാവുന്ന വീതിയിൽ വാതിലുകൾ ക്രമീകരിക്കുക, വാതിലുകളിൽ കൈപ്പിടികൾ ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് തുക വിനിയോഗിക്കണമെന്നാണ് നിർദ്ദേശം.
അവശവിഭാഗങ്ങൾക്ക് കൈത്താങ്ങെന്ന പ്രഖ്യാപനവുമായി നടത്തുന്ന പദ്ധതിയിലെ മാനദണ്ഡങ്ങൾ ജില്ലയിലെ അർഹരുടെ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായിട്ടുണ്ട്.
കൂടുതൽ മരണം മലപ്പുറത്ത്
ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടതും ജില്ലയിലാണ്. 48 പേർ.
പ്രത്യുത്ഥാനം പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം അർഹരായ നിരവധിയാളുകൾ ജില്ലയിലുണ്ട്. പ്രളയബാധിത ജില്ലയെന്ന മാനദണ്ഡത്തിൽ കുരുക്കിയാണ് ഇവർക്കുള്ള ആനുകൂല്യം നിഷേധിക്കുന്നത്.