വളാഞ്ചേരി: വൈക്കത്തൂർ-മീമ്പാറ ബൈപ്പാസ് റോഡിൽ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമാവുന്നു. വൈക്കത്തൂർ ഹൈസ്കൂൾ ഭാഗത്താണ് വെള്ളക്കെട്ട് ഏറ്റവും ദുരിതം സൃഷ്ടിക്കുന്നത്. വളാഞ്ചേരി ടൗണിൽ പ്രവേശിക്കാതെ തന്നെ പെരിന്തൽമണ്ണ റോഡിൽ നിന്നും കോഴിക്കോട് റോഡിലേക്കെത്താൻ സഹായിക്കുന്നതാണ് ഈ റോഡ്. വളാഞ്ചേരി എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്കെത്തുന്നതും ഈ റോഡിലൂടെയാണ് രണ്ടുവർഷം മുമ്പ് ടാർ ചെയ്ത് റോഡ് നവീകരിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ റോഡിന്റെ പല ഭാഗങ്ങളും തകർന്നിരുന്നു. പിന്നീട് റീ ടാറിംഗ് ചെയ്യാൻ നടപടികളുണ്ടായില്ല. വൈക്കത്തൂർ-മീമ്പാറ റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാൻ പ്രൊഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒരു വശത്തേ കോൺക്രീറ്റ് പൂർത്തിയായിട്ടുള്ളൂ. വെള്ളം കെട്ടി നിൽക്കുന്ന കുഴികളിൽ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ വിദ്യാർത്ഥികളുൾപ്പെടെയുള്ളവരുടെ മേൽ ചളിവെള്ളം തെറിക്കുന്നതും പതിവാണ്. കുഴികളടച്ച് യാത്ര സുഗമമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.