തേഞ്ഞിപ്പലം : കോഴിക്കോട് പേരാമ്പ്രയിലെ നൊച്ചാട് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് മദ്ധ്യകാല കേരളീയ ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ മൂന്ന് മുളക്കരണങ്ങൾ ഗവേഷകർക്ക് ലഭിച്ചു. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട വരുമാനം, വിഭവങ്ങളുടെ ഉപയോഗം, ചുമതലക്കാർ എന്നീ വിവരങ്ങൾ നൽകുന്ന ഈ അപൂർവ്വ രേഖകൾ ആധുനിക കാലത്തെ ഇടങ്ങഴി, പറ, നാഴി എന്നിവയെ സൂചിപ്പിക്കുന്നുണ്ട്. കൊല്ലവർഷം 830 അഥവാ 1655ൽ എഴുതിയവയാണ് ഈ കരണങ്ങൾ. .
പുരാതന കേരളീയ ലിപിയായ വട്ടെഴുത്തിൽ നിന്ന് രൂപാന്തരം വന്ന കോലെഴുത്തിലാണ് രേഖകൾ തയ്യാറാക്കിയിരിക്കുന്നത്. പണിച്ചിക്കോട്ട് തേവർ ഊരാളരുടെ ചുമതലയും രേഖപ്പെടുത്തിയവയിൽപ്പെടുന്നുണ്ട്.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഈ ക്ഷേത്രം സമീപകാലത്താണ് പുതുക്കി പണിതത്. സമീപത്തുള്ള ഗോശാല കൃഷ്ണൻ ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതൽ ചരിത്രതെളിവുകൾ ഗവേഷകർ കണ്ടെത്തി. പരിസരത്തു നിന്നുള്ള സ്ഥലനാമങ്ങളിൽ നിന്ന് ക്ഷേത്രം മദ്ധ്യകാലത്ത് വേദപഠനത്തിനായി ഉപയോഗപ്പെടുത്തിയതിന്റെ സൂചനകൾ ലഭ്യമായി. ക്ഷേത്ര ഭാരവാഹികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ.പി. ശിവദാസന്റെ നേതൃത്വത്തിൽ ഗവേഷകർ നൊച്ചാട് സന്ദർശിച്ചത്. ഗവേഷകരായ മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ഇ. ശ്രീജിത്ത്, മടപ്പള്ളി ഗവ. കോളേജിലെ കെ.സജിത്ത് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രാചീന കാലത്ത് കരിങ്കൽപാളികൾ, പനയോലകൾ, ചെമ്പോട് എന്നിവയ്ക്കൊപ്പം മുളക്കഷ്ണങ്ങളിലും വിലപ്പെട്ട വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും കൈമാറുകയും ചെയ്തിരുന്നു. കേരളത്തിൽ മാത്രമാണ് മുളക്കരണങ്ങൾ കാണപ്പെടുന്നത്. വ്യക്തമായി വായിച്ചെടുക്കാവുന്ന മുളക്കരണങ്ങൾ ഡോ. എം.ആർ. രാഘവവാര്യരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ഗവേഷകർ സ്ഥലത്ത് കൂടുതൽ അന്വേഷണം നടത്തും. ക്ഷേത്രത്തിലെ കഴക കുടുംബാംഗമായ ഭാസ്കരൻ നമ്പീശനാണ് മുളക്കരണങ്ങൾ സംരക്ഷിച്ചിരിക്കുന്നത്.