ഷാബിൽ ബഷീർ
മലപ്പുറം: റെഡ് അലേർട്ടിന് പിന്നാലെ പെയ്ത കോരിച്ചൊരിഞ്ഞ മഴയ്ക്കും ജില്ലയിലെ മൺസൂൺ മഴയിലെ കുറവ് നികത്താനായില്ല. കാലവർഷമെത്തിയ ജൂൺ ആറ് മുതൽ ഇന്നലെ വരെ മൺസൂൺ മഴയിൽ 27 ശതമാനത്തിന്റെ കുറവുണ്ട്. ഒരാഴ്ച്ച മുമ്പ് വരെയിത് 44 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞ നാല് ദിവസങ്ങളായി പെയ്ത മഴയാണ് കുറവ് പകുതിയെങ്കിലും പരിഹരിച്ചത്. വരുംദിവസങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചാലേ മൺസൂണിലെ കുറവ് പരിഹരിക്കാനാവൂ.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ജൂൺ മുതൽ ജൂലൈ 24 വരെ 1218.2 മില്ലീമീറ്റർ ലഭിക്കേണ്ടപ്പോൾ 887.5 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ജൂലൈ പകുതി വരെ 74 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ജൂലൈ 20 മുതൽ മഴ ശക്തമാവുകയും പിന്നാലെ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ജൂലൈ 18 മുതൽ 24 വരെ 144.4 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 281. 5 മില്ലീമീറ്റർ മഴയാണ്. പ്രതീക്ഷിച്ചതിനേക്കാൾ 95 ശതമാനത്തിന്റെ വർദ്ധനവ്. ഇതോടെയാണ് ജൂൺ മുതൽ മൺസൂൺ മഴയിലുണ്ടായ വലിയ കുറവിന് പരിഹാരമായത്. ഇക്കാലയളവിൽ പാലക്കാട്, വയനാട് ജില്ലകളെ ഒഴിച്ചുനിറുത്തിയാൽ മലപ്പുറത്ത് ലഭിച്ച മഴ കുറവാണ്. കോഴിക്കോട് ജില്ലയിൽ പ്രതീക്ഷിച്ചതിനേക്കാൾ 224 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.
ജലനിരപ്പ് താഴ്ന്നു
മൺസൂൺ മഴ മാറി നിന്നതോടെ ജില്ലയിലെ ജലസ്രോതസുകളിൽ മിക്കതിലും ജലനിരപ്പ് വലിയതോതിൽ താഴ്ന്നിരുന്നു
കുടിവെള്ളക്ഷാമം രൂക്ഷമായേക്കുമെന്ന ഭീതിക്കിടയിലാണ് മൺസൂൺ ശക്തിപ്പെട്ടത്.
ഭാരതപ്പുഴയിൽ മൺസൂൺ തുടങ്ങിയ ശേഷം ആദ്യമായാണ് വലിയ ഒഴുക്ക് രൂപപ്പെട്ടത്.
ചാലിയാറും പോഷകനദികളും തിരൂർ പുഴയും കടലുണ്ടിയുമെല്ലാം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ജൂലൈയിലും നടന്നില്ല
ജൂണിലെ മഴക്കുറവ് ജൂലൈയിൽ നികത്തപ്പെടുമെന്നായിരുന്നു കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കുകൂട്ടൽ.വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഒറ്റപ്പെട്ട മഴയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
ഇന്നലെ അങ്ങാടിപ്പുറത്താണ് കൂടുതൽ മഴ രേഖപ്പെടുത്തിയത് - 20 മില്ലീമീറ്റർ. തൊട്ടുപിന്നാലെ പെരിന്തൽമണ്ണയും - 18 മില്ലീമീറ്റർ. പൊന്നാനി- 2.4, നിലമ്പൂരിൽ - 6.6, മഞ്ചേരി - 13 മില്ലി മീറ്റർ എന്നിങ്ങനെയാണ് ഇന്നലെ പകലിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ മഴ.