പെരിന്തൽമണ്ണ: അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന 25 ടൺ പഞ്ചസാര അനന്തര ബില്ല് എഴുതാതെ സംസ്ഥാനത്ത് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ പെരിന്തൽമണ്ണ ജി.എസ്.ടി ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. 90,000 രൂപയോളം നികുതിയും പിഴയും അടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകി.
കർണ്ണാടകയിൽ നിന്നും താനൂരിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന 25 ടൺ പഞ്ചസാര അനന്തര ബില്ല് എഴുതാതെ പുലാമന്തോളിലെ കച്ചവട സ്ഥാപനത്തിൽ ഇറക്കുമ്പോഴാണ് സ്ക്വാഡ് പിടികൂടിയത്. വാഹന പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് വാഹനത്തെ പിന്തുടർന്ന് പുലാമന്തോളിലെ വ്യാപാര സ്ഥാപനത്തിൽ ഇറക്കുമ്പോഴാണ് ജി.എസ്.ടി സ്ക്വാഡ് പിടികൂടിയത്.
ജി.എസ്.ടി അസി. കമ്മിഷണർ (ഇന്റലിജൻസ്) മുഹമ്മദ് സലീമിന്റെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്) എ.എം.ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ എം.ബി. സാദിഖ്, എൻ.എം. അബ്ദുൾസലാം, ഡ്രൈവർ കെ.രാജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ബിൽ കൊടുക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ടെസ്റ്റ് പർച്ചേസ് നടത്തി ക്രമക്കേട് നടത്തിയാൽ പിഴയുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇന്റലിജന്റ്സ് സ്ക്വാഡ് അറിയിച്ചു.