മഞ്ചേരി : സർക്കാർ നിർദ്ദേശങ്ങൾ മുറയ്ക്കുണ്ടാവുമ്പോഴും വിദ്യാർത്ഥികളുടെ യാത്രാ ദുരിതത്തിന് അറുതിയില്ല. ശക്തമായ മഴയ്ക്കിടയിലും ബസുകളുടെ വാതിലിനടുത്ത് ഊഴം കാത്തു നിൽക്കുന്ന കുട്ടികൾ മഞ്ചേരിയിൽ ദയനീയ കാഴ്ചയാവുകയാണ്.
സർക്കാർ സ്കൂളുകളിലടക്കം വിദ്യാർത്ഥികൾക്കു സഞ്ചരിക്കാൻ ബസുകളായെങ്കിലും ദൂരത്തുനിന്നെത്തുന്ന വിദ്യാർത്ഥികളിൽ വലിയൊരു പങ്ക് യാത്രയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. കാലമേറെ മാറിയിട്ടും സൗജന്യ നിരക്കിൽ യാത്ര ചെയ്യുന്ന കുട്ടികളോടുള്ള വിവേചനത്തിന്റെ കാര്യത്തിൽ ബസ് ജീവനക്കാരിൽ കാര്യമായ മാറ്റങ്ങളില്ല. കോരിച്ചൊരിയുന്ന മഴയിൽ സഞ്ചരിക്കേണ്ട ബസിൽ കയറാൻ ഊഴമുറപ്പിക്കുന്നതിന് വരിനിൽക്കുകയാണ് കുട്ടികൾ. ബസ് വന്നാലും നനഞ്ഞൊലിച്ചുള്ള ഈ നിൽപ്പിനു വിരാമമാവില്ല. യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടുന്നതിനു തൊട്ടുമുമ്പേ വിദ്യാർത്ഥികൾക്കു വാഹനത്തിലേക്കു പ്രവേശനമുള്ളൂ. സാധാരണക്കാരായ കുട്ടികൾ അനുഭവിക്കുന്ന ഈ വിവേചനം നിരവധി തവണ ചർച്ചയായെങ്കിലും കാര്യമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ല. വിദ്യാർത്ഥികൾക്കുള്ള യാത്രാവകാശം സംബന്ധിച്ച് സർക്കാർ നിരവധി തവണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടും അതു പാലിക്കാൻ ഒരു വിഭാഗം ബസ് ജീവനക്കാർ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. പൊലീസും മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ കാര്യമായി ഇടപെടുന്നുമില്ല. വിദ്യാർത്ഥി സംഘടനകളും നിസ്സംഗരാവുമ്പോൾ പ്രതിരോധമില്ലാത്ത വിവേചനത്തിനിരകളായി വെയിലും മഴയുമേറ്റു തളരുകയാണ് ആധുനികകാലത്തും നിരവധി ബാല്യങ്ങൾ.
കഴിഞ്ഞ ദിവസം മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസിൽ കുട്ടിയോട് സഹാനുഭൂതിയില്ലാതെപെരുമാറിയ സംഭവത്തിൽ കണ്ടക്ടറോട് തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യാൻ ജില്ലാ കളക്ടർ ജാഫർ മാലിക് ആവശ്യപ്പെട്ട സംഭവം ഇതിനിടെ വലിയ ചർച്ചയായിട്ടുണ്ട്. വേറിട്ട ഈ ശിക്ഷ മറ്റു ജീവനക്കാർക്കും ഒരു പാഠമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാകളക്ടറുടെ ഫേസ് ബുക്കിൽ നടപടിയെ അനുകൂലിച്ച് നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തുന്നത്.