മഞ്ചേരി: കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മഞ്ചേരി പയ്യനാടാണ് സംഭവം.പയ്യനാട് മാടഞ്ചേരി കോക്കൂത്ത് വീട്ടിൽ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ്സു പ്രായമുള്ള പോത്ത് വീടിനടുത്തുള്ള കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. 45 അടി ആഴവും പതിനഞ്ചടി വെള്ളവുമുള്ള കിണറിൽനിന്ന് പോത്തിനെ കരയ്ക്കുകയറ്റാനാവാതെ വന്നപ്പോൾ നാട്ടുകാർ അഗ്നിരക്ഷാ സേനയുടെ സഹായം തേടി. ഫയർമാനായ വി.സി.രഘുരാജ് റോപ്പിന്റെയും ലാഡറിന്റെയും സഹായത്താൽ കിണറ്റിലിറങ്ങി ഹോസ് ഉപയോഗിച്ച് പോത്തിനെ ബന്ധിച്ചു. മറ്റ് സേനാംഗങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെ മാടിനെ പുറത്തെത്തിച്ചു.
ലീഡിംഗ് ഫയർമാൻ എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ഫയർമാൻ ഇ.എം.അബ്ദുറഫീഖ്, കെ.മുഹമ്മദ് കുട്ടി, പി.സുമേഷ്, ഫയർമാൻ ഡ്രൈവർ കെ.കെ.നന്ദകുമാർ, ഹോം ഗാർഡ് എ.പി.അബൂബക്കർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.