മലപ്പുറം: രോഗനിർമാർജന പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ജില്ലയിൽ കുഷ്ഠരോഗ വ്യാപനം കുറയുന്നില്ല. ഇതോടെ രോഗനിർണയ പ്രചരണ പരിപാടിയായ അശ്വമേധം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആഗസ്റ്റ് 14 മുതൽ 27 വരെയുള്ള തീയതികളിൽ ജില്ലയിലുടനീളം സംഘടിപ്പിക്കും. ഡിസംബറിൽ നടത്തിയ ഒന്നാംഘട്ട പരിപാടിയിൽ ജില്ലയിൽ പുതിയ 40 കേസുകൾ കണ്ടെത്തിയിരുന്നു. പിന്നീട് 28 കേസുകൾ വേറെയും നിർണയിക്കാൻ കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ കുട്ടികളാണ്. അപകടകരമായ വൈകല്യമുണ്ടായിട്ടും ഇത് വരെ ചികിത്സയെടുക്കാത്ത അഞ്ച് പേരെയും കണ്ടെത്തി. അഞ്ച് വയസ് മുതൽ 80 വയസ്സ് വരെയുള്ളവർ രോഗ ബാധിതരിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലയിൽ എല്ലാ മേഖലയിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ള ആളുകൾ ഇനിയും സമൂഹത്തിലുണ്ടാകാനിടയുള്ളതിനാലാണ് അശ്വമേധം പരിപാടിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നത്. പരിപാടി വിശദീകരിക്കാൻ ഓരോ പ്രദേശത്തും പ്രത്യേകം ഗ്രാമസഭ ചേരും. സ്‌കൂളുകളിൽ പ്രതിജ്ഞക്ക് പുറമെ കുട്ടികൾക്ക് രോഗത്തെക്കുറിച്ച് ബോധവത്കരണം നൽകും. എല്ലാ വീടുകളിലും പരിശീലനം ലഭിച്ച പുരുഷ, സ്ത്രീ സന്നദ്ധ പ്രവർത്തകർ എത്തി രോഗ നിർണ്ണയം നടത്തും. രോഗം സ്ഥിരീകരിച്ചാൽ ചികിത്സയേകി മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലാതാക്കും. സർവെയുടെയും രോഗിയുടെയും വിവരങ്ങൾ രഹസ്യമായിരിക്കും.
പ്രതിദിനം ഒരു ടീം 2,025 വീടുകൾ സന്ദർശിക്കും. അങ്കണവാടി, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ തുടങ്ങിയവയും സന്നദ്ധ പ്രവർത്തകർ സന്ദർശിക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് 994 സൂപ്പർവൈസർമാരുമുണ്ടായിരിക്കും. എൻ.എസ്.എസ്, എൻ.സി.സി., സ്‌കൗട്ട്, നെഹ്റു യുവകേന്ദ്ര, ട്രോമ കെയർ, യുവജനക്ഷേമ ബോർഡ്, ട്രൈബൽ പ്രമോട്ടർമാർ എന്നിവരുടെ സേവനം പ്രചാരണത്തിനും സന്നദ്ധ പ്രവർത്തനത്തിനും ഉപയോഗപ്പെടുത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. അവർക്ക് ഏകദിന പരിശീലന നൽകും.