തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ചൊവ്വയിൽ ശിവക്ഷേത്രത്തിലും കാലിക്കറ്റ് സർവ്വകലാശാല വില്ലൂന്നിയാൽ പരദേവതാ ക്ഷേത്രത്തിലും കവർച്ച നടന്നു. ഇരുക്ഷേത്രങ്ങളിൽ നിന്നുമായി ഏഴ് ഭണ്ഡാരങ്ങൾ കവർച്ച നടത്തി. ശിവക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും വില്ലൂന്നിയാൽ പക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളുമാണ് കവർന്നത്. ചൊവ്വയിൽ ശിവക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളായ സ്വർണ്ണ ചന്ദ്രക്കല, താലികൾ, ശൂലം തുടങ്ങിയവയും മേശയിലുണ്ടായിരുന്ന ചില്ലറകളും കവർച്ച ചെയ്തു. ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽകൂട്ടവും കവർച്ചക്കാർ എടുത്തു.
ഭണ്ഡാരങ്ങളുടെയും, ഓഫീസിന്റെയും പൂട്ടുകൾ തകർത്തിട്ടുണ്ട്. ഭണ്ഡാരങ്ങളിൽ ഒന്ന് പണം എടുത്തശേഷം ക്ഷേത്രത്തിന് സമീപം വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മറ്റുള്ളവ പൂട്ട് തകർത്ത് പണം കവർന്നു. വില്ലൂന്നിയാൽ ക്ഷേത്രത്തിലെ ഭണ്ഡാരം ക്ഷേത്രത്തിന്ന് പിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം സി.ഐ. ജി.ബാലചന്ദ്രൻ , എസ്.ഐ. ബിനുതോമസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് നായ സമീപത്തെ കല്ലുവെട്ട് കുഴി വരെപോയി.