മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ മാരയങ്കലത്ത് ഇമ്പിച്ചിക്കോയ തങ്ങൾ (എം.ഐ. തങ്ങൾ- 76) നിര്യാതനായി. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കൺട്രോൾ ബോർഡിന്റെ ഫുൾടൈം മെമ്പറായിരുന്നു.
മലപ്പുറം മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ എം. കുഞ്ഞിക്കോയ തങ്ങളുടെയും ഷരീഫാ ബീവിയുടെയും മകനാണ്.
ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി തുടങ്ങിയ അദ്ദേഹം പിന്നീട് എഡിറ്ററായി. വർത്തമാനം ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാപ്പിളനാട് പത്രത്തിന്റെ പത്രാധിപരുമായി പ്രവർത്തിച്ചിട്ടുണ്ട്. ആത്മീയതയുടെ അഗ്‌നിനാളങ്ങൾ, മുസ്ളിം രാഷ്ട്രീയം ഇന്ത്യയിൽ, ഇന്ത്യയിലെ മുസ്ളിം രാഷ്ട്രീയത്തിന്റ കഥ, ആഗോള വത്കരണത്തിന്റെ അനന്തരഫലങ്ങൾ, സർ സയ്യിദ് ജീവചരിത്രം എന്നിവയാണ് പ്രധാന കൃതികൾ.
ഭാര്യ: ഷരീഫ ഷറഫുന്നിസ. മക്കൾ: ഷരീഫാ നജ്മുന്നിസ, ഷരീഫാ സബാഹത്തുന്നിസ, സയ്യിദ് ഇൻതിഖാബ് ആലം, സയ്യിദ് അമീനുൽ അഹ്‌സൻ, സയ്യിദ് മുഹമ്മദ് അൽതാഫ്, സയ്യിദ് മുജ്തബാ വസിം. കബറടക്കം: ഇന്ന് രാവിലെ 7.30ന് പെരുവിൽകുണ്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ.