പൊന്നാനി: ബിയ്യം കായലിൽ ആവേശത്തിന്റെ അലതല്ലാൻ ചാമ്പ്യൻസ് ബോട്ട് ലീഗ്(സി.ബി.എൽ) വരുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി അവിട്ടം നാളിൽ കാലങ്ങളായി നടന്നു വരുന്ന ബിയ്യം കായലിലെ വള്ളംകളി മത്സരം കൊടുമുടി കയറ്റിയ ആർപ്പുവിളിക്ക് തുടർച്ചയെന്നോണമാണ് സി.ബി.എല്ലിന് വേദിയാകുന്നത്. സെപ്തംബർ 28നാണ് മത്സരം. സംസ്ഥാനത്തെ 12 വേദികളിലായി നടക്കുന്ന മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് ബിയ്യം കായൽ മാത്രമാണുളളത്.
തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ ആവേശകരമായ രീതിയിൽ വള്ളംകളി മത്സരങ്ങൾ നടത്താനാണ് പദ്ധതി.
ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായ സി.ബി.എല്ലിന്റെ നടത്തിപ്പിന് സർക്കാരിന്റെ മേൽനോട്ടത്തിൽ കമ്പനി രൂപവത്കരിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി.വിനോദ സഞ്ചാര വകുപ്പിന് നേരിട്ട് സംഘടിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി രൂപവത്കരിക്കുകയും കൺസോർഷ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ടൂറിസം, ധനം വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ, കെ.ടി.ഐ.എൽ ചെയർമാൻ എന്നിവരാണ് കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ. നിലവിലുള്ള ചുണ്ടൻ വള്ളംകളികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്.
വള്ളംകളി മത്സരങ്ങളുടെ മുഖം മാറ്റുന്നതാവും സി.ബി.എൽ. ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങൾ നാട്ടിലെ വള്ളംകളി ടീമുകൾക്ക് വലിയ പ്രചോദനമാകും. ടീമുകൾക്ക് സ്പോൺസർഷിപ്പ് ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയും തേടാനാകും. പ്രൊഫഷണൽ സ്വഭാവമുള്ള ടീമുകളുടെ രൂപവത്കരണം വള്ളംകളിക്ക് പുതിയ ഉണർവ് നൽകും.
വാശിയേറും
മൂന്നു മാസം നീളുന്ന സി.ബി.എല്ലിൽ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുക.
12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി 12 മത്സരങ്ങളാണ് സി.ബി.എല്ലിൽ ഉണ്ടാകുക. ആഗസ്റ്റ് 10 മുതൽ നവംബർ ഒന്നു വരെയാണ് മത്സരങ്ങൾ.
ആഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്രു ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം തുടങ്ങുന്നത്.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ബോട്ട് റേസിനൊപ്പം സി.ബി.എൽ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങൾ.
പുളിങ്കുന്ന്, ആലപ്പുഴ താഴത്തങ്ങാടി, പിറവം, എറണാകുളം, മറൈൻ ഡ്രൈവ്, കോട്ടപ്പുറം, കൈനകരി, കരുവാറ്റ, കായംകുളം,കല്ലട എന്നിവയാണ് മറ്റു വേദികൾ.
ഉച്ചതിരിഞ്ഞ് 2.30 മുതൽ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.