ksrtc
കെ.എസ്.ആർ.ടി.സി

മഞ്ചേരി: ജില്ലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ മഞ്ചേരിയിൽ നാളിതുവരെയായി കെ.എസ്.ആർ.ടി.സിക്ക് ഡിപ്പൊ ആയില്ല. പ്രതിദിനം മുന്നൂറോളം ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി മഞ്ചേരി വഴി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പോലും ഇവിടെ പ്രവർത്തിക്കുന്നില്ല. 2009 ൽ കെ.എസ്.ആർ.ടി.സി നിർദ്ദേശപ്രകാരം എടപ്പാൾ, വളാഞ്ചേരി, തിരൂർ, വഴിക്കടവ്, മഞ്ചേരി എന്നിവിടങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിപ്പൊ തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും മഞ്ചേരി ഒഴികെ എല്ലായിടങ്ങളിലും ഡിപ്പൊ ആരംഭിച്ചു കഴിഞ്ഞു. മഞ്ചേരി നഗരസഭ കച്ചേരിപ്പടിയിൽ സ്ഥാപിച്ച പുതിയ ബസ് സ്റ്റാന്റിൽ ഒരു മുറി കെ എസ് ആർ ടി സിക്ക് നൽകിയിരുന്നു. ഇവിടെ തുടങ്ങിയ സ്റ്റേഷൻമാസ്റ്റർ ഓഫീസ് 2012 ഡിസംബർ 22ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്നാൽ കാര്യാലയത്തിലേക്ക് വൈദ്യുതി, വെള്ളം, ടെലിഫോൺ തുടങ്ങി പ്രാഥമിക ആവശ്യങ്ങൾ പോലും അനുവദിക്കാൻ അധികൃതർ തയ്യാറായില്ല. ഓഫീസിലേക്ക് ഒരു കമ്പ്യൂട്ടർ അനുവദിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മഞ്ചേരി എം എൽ എ അഡ്വ. എം ഉമ്മർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ വാക്കും പാഴാവുകയായിരുന്നു. അധികൃതരുടെ അവഗണനയെ തുടർന്ന് ഏറെപ്പേർക്ക് ആശ്വാസമേകിയിരുന്ന ഈ കാര്യാലയം മഞ്ചേരിക്ക് നഷ്ടപ്പെടുകയായിരുന്നു.
അന്തർ സംസ്ഥാന ദീർഘദൂര സർവ്വീസുകൾ കടന്നു പോകുന്ന മഞ്ചേരിയിൽ ട്രാൻസ്പോർട്ട് സ്റ്റാന്റ് സ്ഥാപിക്കാനോ ഡിപ്പോ തുടങ്ങാനോ മൂന്നുദശാബ്ദം പിന്നിട്ട നഗരസഭ മുൻകൈയ്യെടുത്തിട്ടില്ല. ജില്ലയിലെ തിരക്കേറിയ വാണിജ്യ നഗരമാണ് മഞ്ചേരി. പതിനഞ്ചോളം കോടതികൾ, മെഡിക്കൽ കോളേജ് ആശുപത്രി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒട്ടേറെ ജില്ലാ ഓഫീസുകൾ, സ്റ്റേഡിയം സ്പോർട്‌സ് അക്കാഡമി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും ഈ ഓഫീസുകളിൽ ദിനംപ്രതി എത്തുന്നവർ നിരവധിയാണ്. വ്യാപാര,​വാണിജ്യ,​വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന നഗരത്തിൽ യാത്രക്കാർ സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ്. ബാംഗ്ലൂർ, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, ഏറണാകുളം നഗരങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വ്യാപാരികൾ ഏറെയുണ്ട് മഞ്ചേരിയിൽ.

മഞ്ചേരിയിൽ സബ് ഡിപ്പോ തുടങ്ങുന്നതിന് രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ മുന്നിട്ടിറങ്ങുന്നില്ല. രാത്രി എട്ടുമണി കഴിഞ്ഞാൽ നഗരത്തിൽ നിന്ന് പ്രധാനസ്ഥലങ്ങളിലേക്കൊന്നും സ്വകാര്യ ബസ്സുകൾ പോലുമില്ല. ദീർഘദൂര ബസ്സുകളും തമിഴ് നാടിന്റെയും കർണ്ണാടകയുടെയും ട്രാൻസ്പോർട്ട് ബസ്സുകളൊന്നും മഞ്ചേരിയിലെ മൂന്ന് ബസ് സ്റ്റാന്റുകളിലും പ്രവേശിക്കാറില്ല. ജീവനക്കാർ മാറുന്നതിനനുസരിച്ച് ഒരു ദിവസം നിർത്തിയ സ്ഥലത്തായിരിക്കില്ല അടുത്ത ദിവസം ബസ് നിർത്തുന്നത്. കെ.എസ്.ആർ.ടി.സി ബസ്സുകൾ പ്രൈവറ്റ് സ്റ്റാന്റിൽ കയറുന്നത് ചില സ്വകാര്യ ബസ് ജീവനക്കാർക്ക് അലർജ്ജിയാണ്. ഇവർ തമ്മിലുള്ള തർക്കങ്ങൾ നിത്യസംഭവമാണ്. മുൻ നഗരസഭാ ഭരണാധികാരികൾ മൂന്ന് ബസ് സ്റ്റാന്റുകളിലും രണ്ടുവീതം ട്രാക്കുകൾ കെ.എസ്.ആർ.ടി.സിക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ സർവ്വീസുകളുടെ എണ്ണം ഇരുനൂറിലധികമായിട്ടും ട്രാക്കുകളുടെ എണ്ണത്തിൽ വർദ്ധനവൊന്നും ഉണ്ടായിട്ടില്ല.

മഞ്ചേരിയിൽ ഡിപ്പോ തുടങ്ങാൻ മുൻ ഭരണസമിതി പ്രാഥമിക നടപടിയാരംഭിച്ചിരുന്നു. എന്നാൽ വികസന കാര്യങ്ങളിൽ തുടക്കത്തിൽ കാണിക്കുന്ന ജാഗ്രത തുടർനടപടികളിലില്ലാത്തതാണ് നഗരത്തിന്റെ ശാപം. രാഷ്ട്രീയ നേതാക്കളും പാർട്ടികളും ജനകീയാവശ്യങ്ങളോടും നഗരസഭയുടെ തീരുമാനങ്ങളോടും പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ നഗരം ഇതിൽ കൂടുതൽ വികസിക്കുമെന്ന വ്യാമോഹമൊന്നും നാട്ടുകാർ വെച്ചു പുലർത്തുന്നില്ല. ജനകീയാവശ്യങ്ങൾ യാഥാർത്ഥ്യമാവാൻ സന്നദ്ധസംഘടനകളും സാംസ്‌ക്കാരിക ഘടകങ്ങളും നിരന്തരം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു. ഇതിന്റെ മുന്നോടിയായി മഞ്ചേരിയിലെ കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ വിഷൻ മഞ്ചേരി മുഖ്യമന്ത്രിക്ക് ആയിരം പരാതികൾ അയച്ചിരുന്നു. ഇന്ന് നഗരസഭ സെക്രട്ടറിക്കും ആയിരത്തിലധികം കത്തുകളയക്കും.

സർവീസുകൾ നിരവധി,​ യാത്രക്കാർ പെരുവഴിയിൽ

കോയമ്പത്തൂരൊഴികെയുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രാൻസ്പോർട് സർവ്വീസുകളുണ്ട്. ബസ് എപ്പോൾ എത്തുമെന്നോ, പുറപ്പെടുന്ന സമയമോ നിർത്തുന്ന സ്ഥലമോ പലപ്പോഴും യാത്രക്കാർക്കറിയില്ല. തിരുവനന്തപുരം ബസ്സുകൾ പലസമയങ്ങളിലായി അറുപതോളം ട്രിപ്പുകൾ മഞ്ചേരി വഴി കടന്നു പോകുന്നുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നും ബസ് പുറപ്പെട്ടാൽ എപ്പോൾ മഞ്ചേരിയിയിലെത്തുമെന്നോ എവിടെ നിർത്തുമെന്നോ എന്നീ വിവരങ്ങൾ നൽകാൻ പോലും മഞ്ചേരിയിൽ സംവിധാനമില്ല. എസ് എം ഓഫീസുണ്ടെങ്കിൽ അവിടെ ടൈമിംഗ് രേഖപ്പെടുത്തും. യാത്രക്കാർക്ക് അതനുസരിച്ച് ബസ് കാത്തു നിൽക്കാം. കെ.എസ്.ആർ.ടി.സിക്ക് ലാഭവും യാത്രക്കാർക്ക് പ്രയോജനവും ലഭിക്കും.