നിലമ്പൂർ: മരണാനന്തരം ശരീരം പഠനത്തിനായി ദാനം ചെയ്യുന്നതിൽ മാതൃകയാവാനൊരുങ്ങി നിലമ്പൂർ .സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പേർ ഇതിനായി സമ്മത പത്രം നൽകിയത് നിലമ്പൂരിലാണ്. സമ്മതപത്രം നൽകിയ 72 പേർക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം നിലമ്പൂർ മിനി ടൗൺ ഹാളിൽ വെച്ചു നടത്തി. പുതിയതായി 23 പേർ ഇവിടെ വെച്ചു സമ്മതപത്രം നൽകുകയും ചെയ്തു. അവയവ ദാതാക്കളുടെ സംഘടനയായ അനശ്വരയാണ് അവയവദാനവും മൃതദേഹ ദാനവും പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് നിലമ്പൂരിൽ നേതൃത്വം നൽകുന്നത്.നിലമ്പൂരിലെ പൊറ്റേക്കാട് കുടുംബസംഗമത്തിൽ നിന്നും രൂപപ്പെട്ടതാണ് അനശ്വര സംഘടന.നിലവിൽ 300 ലധികം പേർ നേത്രദാനത്തിനും 129 പേർ മസ്തിഷ്‌ക മരണശേഷമുള്ള അവയവദാനത്തിനും സംഘടന വഴി സമ്മത പത്രം നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മാത്യു കരാവേലി അദ്ധ്യക്ഷനായിരുന്നു.കെ.മുഹമ്മദ് കുട്ടി, ബേബി വർഗ്ഗീസ്, വത്സല രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.പിഗോവർദ്ധനൻ സ്വാഗതവും പി.പ്രദീപ് നന്ദിയും പറഞ്ഞു.