perinthalmanna
തിരുമാന്ധാംകുന്ന് പൂരപ്പറമ്പിൽ നടന്ന ആനയൂട്ട് ജില്ലാ പോലീസ് മേധാവി യു.അബ്ദുൾകരീം ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തട്ടകം ആനപ്രേമി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച അങ്ങാടിപ്പുറത്ത് ആനയൂട്ടും ഗജപൂജയും നടന്നു. തിരുമാന്ധാംകുന്ന് പൂരപ്പറമ്പിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ നിന്നായി തലയെടുപ്പുള്ള ഇരുപതോളം ആനകൾ ആനയൂട്ടിൽ പങ്ക് ചേർന്നു. രാവിലെ 5.45ന് സോപാനം ഓഡിറ്റോറിയത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. തുടർന്ന് എട്ടിന് ഗജവീരൻമാർ തിരുമാന്ധാംകുന്ന് ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം പൂരപ്പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ അണിനിരക്കുകയും അഴകത്തുമന എം.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഗജ പൂജ ചെയ്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് അടുത്തകാലത്ത് ചെരിഞ്ഞ ആനകളുടെ അനുസ്മരണവും, ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ചിത്രപ്രദർശനവും നടന്നു. നിരവധി ഭക്തരും ആനപ്രേമികളും ചടങ്ങിന് സാക്ഷികളായി.