തവനൂർ: കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കാനായി കുഴിച്ച തവനൂർ കൂരട - നരിപ്പറമ്പ് റോഡ് റീടാറിംഗ് നടത്താത്തത് ഗതാഗതം ദുസ്സഹമാകുന്നു. അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചത്. ചിലയിടങ്ങളിലും റോഡിന്റെ നടുവിലൂടെയടക്കം കുഴിച്ചിട്ടുണ്ട്. ടാറിംഗ് ചെയ്യാതെ ചെമ്മണ്ണ് ഉപയോഗിച്ച് മൂടുകയാണ് അധികൃതർ ചെയ്തത്.
മഴക്കാലമായതോടെ റോഡ് ചെളിക്കുളമായിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ചെളിയിലും വെള്ളക്കെട്ടിലും വീണ് വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നതും വർദ്ധിച്ചിട്ടുണ്ട്. ബൈക്ക് യാത്രികർക്ക് രാത്രികാലങ്ങളിൽ ഈ പാത ഏറെ അപകടഭീഷണി ഉയർത്തുന്നുണ്ട്. കാൽനട യാത്രക്കാർ ചെളിയിൽ ചവിട്ടി നടക്കണം. ഏതുസമയവും വാഹനങ്ങൾ ദേഹത്തേക്ക് ചെളി തെറിപ്പിച്ചേക്കാമെന്ന അവസ്ഥയുമുണ്ട്. തവനൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ഡാനിഡയിൽ ഉൾപ്പെടുത്തി നരിപ്പറമ്പ് പമ്പ് ഹൗസ് മുതൽ കൂരട വരെ പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് മൂന്ന് മാസം മുമ്പ് റോഡ് വെട്ടിപ്പൊളിച്ചത്. പ്രവൃത്തി പൂർത്തിയായിട്ട് ഒരുമാസത്തോളമായി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയായാലുടൻ റോ ഡ് റീടാറിംഗ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. റബ്ബറൈസ്ഡ് ചെയ്ത് റോഡിന് നേരത്തെ യാതൊരു കുഴപ്പുമില്ലായിരുന്നു.