പൊന്നാനി: പൊന്നാനി ഗവ.താലൂക്കാശുപത്രിയിലെ പുതിയ നേത്രരോഗ സർജറി വിഭാഗം ഉദ്ഘാടന സജ്ജമായി. ആയിരക്കണക്കിന് രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന പൊന്നാനി നഗരസഭ ഗവ.താലൂക്കാശുപത്രിയിലെ നേത്രരോഗ വിഭാഗ ഓപ്പറേഷൻ തിയ്യേറ്ററാണ് അത്യാധുനിക സൗകര്യങ്ങളോടെ ഉദ്ഘാടന സജ്ജമായത്. സർജറിക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഓപ്പറേഷൻ തിയ്യേറ്റർ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും ഡോക്ടറുടെ പരിശീലനവും പൂർത്തിയായി. വർഷങ്ങൾക്ക് മുമ്പ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഓപ്പറേഷൻ തിയ്യേറ്റർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് തിമിര ശസ്ത്രക്രിയ ഉൾപ്പെടെ സൗജന്യമായി നൽകാവുന്ന ഓപ്പറേഷൻ തിയ്യേറ്റർ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്.
ഓപ്പറേഷൻ തിയ്യേറ്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 3ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. പൊന്നാനി താലൂക്കാശുപത്രിയിൽ നിലവിൽ ഇ.എൻ.ടി, ഓർത്തോ തുടങ്ങിയവയുടെ സർജറികൾ മികച്ച രീതിയിലാണ് നടന്നു വരുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മേജർ മൈനർ വിഭാഗങ്ങളിലായി 1,607 സർജറികൾ നടന്നു കഴിഞ്ഞു.
ഇതിൽ 458 എണ്ണം മേജർ ഓപ്പറേഷനാണ്. സർജറിക്ക് ശേഷമുണ്ടാകുന്ന കൈകളിലെ തടിപ്പ്, മുഴ എന്നിവ കണ്ടെത്തുന്നതിനുള്ള ലിംഫെഡിമ മെഷിൻ ഉപയോഗിച്ചുള്ള സംവിധാനവും, കേൾവി പരിശോധനയ്ക്കുള്ള ഓഡിയോഗ്രാം സംവിധാനവും ആശുപത്രിയിൽ ഏർപ്പെടുത്തും. സൗജന്യമായി കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയും ആശുപത്രിയിൽ വിജയകരമായാണ് നടന്നു വരുന്നത്.ഇതിനകം എട്ട് ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു. ഉദ്ഘാടന ചടങ്ങിൽ വെച്ച് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്ന ഡോ.യൂസഫലിയേയും, ടീമിനേയും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുമോദിക്കും.