തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ പ്രവേശന പാസ് വിതരണ സമയം മാറ്റിയതായി പരാതി. സന്ദർശകർക്കുള്ള പാസ് വിതരണം രാവിലെ പത്ത് മണി മുതൽ നാല് മാണി വരെയായിരുന്നു രണ്ട് കൗണ്ടറുകളിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ 12 മണിക്ക് ശേഷം പാസ് നൽകിയാൽ മതിയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി തീരുമാനിക്കുകയായിരുന്നത്രെ. ഇതോടെ രാവിലെ ആശുപത്രിയിലെത്തിയവർ വെട്ടിലായി. പിന്നീട് ആളുകൾ പ്രതിഷേധിച്ചതോടെ പാസ് നൽകുകയായിരുന്നു.
സമയം മാറ്റിയ വിവരം മുൻകൂട്ടി അറിയിക്കുകയോ ഇതു സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രോഗികളെ സന്ദർശിക്കാൻ വരുന്നവർ മണിക്കൂറുകൾ പുറത്ത് കാത്തുനിൽക്കേണ്ടി വരും. ഇനി മുതൽ 12 മണിക്ക് ശേഷം പാസ് നൽകിയാൽ മതിയെന്ന് ജീവനക്കാരെ അറിയിച്ചതായാണ് വിവരം.