മലപ്പുറം: ചെറുകിട കർഷകർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേട് മൂലം ജില്ലയിൽ 1.30 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല. 2,01,888 പേരുടെ അപേക്ഷകൾ കേന്ദ്ര സർക്കാരിന്റെ വെബ്പോർട്ടലിൽ ചേർത്തിട്ടുണ്ട്. ഇതിൽ 2018 - 19 വർഷത്തിൽ അപേക്ഷിച്ചവരിൽ 37,056 പേർക്കും 2019- 2020ൽ അപേക്ഷിച്ച 34,584 പേർക്കും ആദ്യ ഗഡുവായ 2,000 രൂപ ലഭിച്ചിട്ടുണ്ട്. കൂടാതെ 35,789 പേർക്ക് രണ്ടാംഗഡുവായ 2,000 രൂപയും ലഭിച്ചു. മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് ലഭിക്കുക. 1.30 ലക്ഷം അപേക്ഷകർക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. അപേക്ഷകൾ പെൻഡിംഗ് എന്നാണ് കാണിക്കുന്നത്.
ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകൾ മൂലമാണ് അപേക്ഷകൾ പെൻഡിംഗ് എന്ന് കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായും അധികൃതർ പറയുന്നുണ്ട്. ഇതു ശ്രദ്ധിക്കാതിരുന്നതും അപേക്ഷകർക്ക് വിനയായി.
പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയാണെന്നാണ് ആരോപണം.