മലപ്പുറം: ജില്ലയിലെ ഓഫീസുകൾ ഇനി പൂർണ്ണമായും മലയാളം ഉപയോഗിക്കണം.സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കുലറുകളും കത്തുകളും ഫയൽ നടപടികളും പൂർണ്ണമായും മലയാളത്തിലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഔദ്യോഗിക ഭാഷാസമിതിയുടെ ഭാഷാ വിദഗ്ദ്ധൻ ആർ. ശിവകുമാർ പറഞ്ഞു. ഓരോ വകുപ്പിന്റെയും ഭാഷാ നടപടികൾ മൂന്ന് മാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഭാഷാ പുരോഗതി റിപ്പോർട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം ജില്ലാ കളക്ടർക്കും വകുപ്പ് തലവർക്കും ലക്ഷ്യമാക്കണം.നടപടിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
80 നും 100 ശതമാനത്തിനും ഇടയ്ക്ക് ഔദ്യോഗിക ഭാഷ നേട്ടം കൈവരിച്ച ഏഴ് ഓഫീസുകളുണ്ട്. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ മഞ്ചേരി, നിലമ്പൂർ സർക്കിൾ ഓഫീസുകൾ 50 ശതമാനത്തിൽ താഴെ മാത്രമാണ് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. കേരള ചരക്ക് നികുതി വകുപ്പിന്റെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് 60 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ മലയാളം ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽപ്പെടുന്ന ഏക ഓഫീസാണ്.
.
വെബ്സൈറ്റുകൾ മലയാളത്തിൽ
ഭാഷാ ദിനമായ നവംബർ ഒന്നു മുതൽ ജില്ലയിൽ വകുപ്പുകളുടെ മുഴുവൻ വെബ്സെറ്റുകളും മലയാളത്തിൽ കൂടി ലഭ്യമാക്കും.
ജില്ലാ ഭരണകൂടത്തിന്റെ മേൽ നോട്ടത്തിൽ ഇൻഫർമാറ്റിക് ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളും തങ്ങളുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കി ഇവയുടെ സോഫ്റ്റ് കോപ്പി ഉൾപ്പെടെ ആഗസ്ത് 31 നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.