മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടനിർമ്മാണ അനുമതിക്കായി ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു. ആസൂത്രണ സമ്മേളന ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ 162 അപേക്ഷകൾ പരിഗണിച്ചു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം റോഡിൽ നിന്ന് മൂന്നു മീറ്റർ അകലം പാലിക്കാത്ത കെട്ടിടങ്ങൾക്കുള്ള അപേക്ഷകളാണ് കൂടുതലും അദാലത്തിലെത്തിയത്. വീടുകൾ, കടമുറികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കായുള്ള അനുമതി ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു. ആരാധനാലയങ്ങളുടെ കെട്ടിടവുമായി ബന്ധപ്പട്ട് ജില്ലാകളക്ടറുടെ അനുമതി ആവശ്യപ്പെട്ടിട്ടുള്ള കൂടുതൽ പരാതികളും അദാലത്തിൽ എത്തി. ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതായി കണക്കാക്കിയിരുന്ന പ്രദേശങ്ങളിലെ അപേക്ഷകളും ഉണ്ടായിരുന്നു.
തീപിടിത്തം ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്ത കെട്ടിടങ്ങൾ, കെട്ടിട നിർമ്മാണത്തിലെ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങൾ തുടങ്ങിയവയുടെ അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു. അദാലത്തിൽ ലഭിച്ച ചില അപേക്ഷകൾ പഞ്ചായത്ത് ജില്ലാ നിരീക്ഷക സമിതിയുടെയും പഞ്ചായത്ത് തല നിരീക്ഷക സമിതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഫയലുകളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിഗണിക്കാൻ കഴിയാത്ത അപേക്ഷകളിൽ കാരണം അപേക്ഷകർക്ക് അദാലത്തിൽ ഉദ്യോഗസ്ഥർ ബോദ്ദ്യപ്പെടുത്തി നൽകി.
അദാലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി മാലതി, ഡി.ഡി.എ പി.ടി ഗീത, ടൗൺ പ്ലാനർ പി.ടി ദീപ, അസിസ്റ്റന്റ് ഡെപ്യൂട്ടി പഞ്ചായത്ത് ഇ.എ രാജൻ, എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയർ സി.ചന്ദ്രൻ, ജില്ലാ ഫയർ ഫോഴ്സ് ഓഫീസർ മൂസ വടക്കേതിൽ എന്നിവരും പങ്കെടുത്തു.