nnn
വെടിയേറ്റ കാൽ

നിലമ്പൂർ: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ലഹരിക്കടത്ത് കേസിലെ പ്രതിയെ പുലർച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കോട്ടയം നീണ്ടൂർ ചക്കുപുരയ്ക്കൽ വീട്ടിൽ ജോർജുകുട്ടിയെ പിടികൂടുന്നതിനിടെയാണ് നിലമ്പൂർ റെയ്ഞ്ച് ഇൻസ്‌പെക്ടർ മനോജ് കുമാറിന് വലതു കാലിന് വെടിയേറ്റത്. കാൽമുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി.

സഹപ്രവർത്തകന് വെടിയേറ്റിട്ടും പിന്മാറാതിരുന്ന എക്സൈസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. മനോജ് കുമാറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹം സുഖം പ്രാപിച്ചുവരുന്നു.

ജൂൺ 23ന് തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ജോർജ് കുട്ടി ബംഗളൂരുവിൽ വച്ച് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ആന്ധ്രപ്രദേശിലെത്തിയ പ്രതി പരിചിതമായ കഞ്ചാവ് തോട്ടത്തിൽ ടെന്റ് കെട്ടി താമസമാരംഭിച്ചു. തുടർച്ചയായ മഴ കാരണം താമസം ബുദ്ധിമുട്ടായതോടെ കൂട്ടുകാരുടെ സഹായത്തോടെ ജൂലായ് 28ന് മലപ്പുറത്തെത്തി. വണ്ടൂർ വാണിയമ്പലം അറങ്ങോടൻ പാറയിലെ രണ്ടാംഭാര്യയുടെ വീട്ടിൽ ഇയാളെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്

തിരുവനന്തപുരത്തു നിന്ന് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരും നിലമ്പൂർ സർക്കിൾ പരിധിയിലെ അന്വേഷണസംഘവും ഉൾപ്പെടെ 20 പേർ ചേർന്ന് ഇന്നലെ പുലർച്ചെ വീട് വളഞ്ഞത്.

 തോക്കേന്തിയ പ്രതിയെ

ലാത്തിക്ക് അഴിച്ചു വീഴ്ത്തി

ഒരുമണിക്കൂറോളം നേർക്കുനേർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ജോർജുകുട്ടിയെ

എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം തുടരെ വാതിലിൽ മുട്ടിയതോടെ അപകടം മണത്ത പ്രതി വീട്ടിലെ ലൈറ്റെല്ലാം ഓഫാക്കി അടുക്കളഭാഗത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചപ്പോഴേക്കും വീടിനകത്ത് നിന്ന് പ്രതി വെടിയുതിർത്തു. ഇതിനിടെ റെയ്ഞ്ച് ഇൻസ്‌പെക്ടർ മനോജ് കുമാറും ഒരുറൗണ്ട് വെടിയുതിർത്തു. വാതിൽ ചവിട്ടിത്തുറന്ന് പ്രതിയുമായുള്ള മൽപ്പിടിത്തത്തിനിടെയാണ് മനോജ് കുമാറിന് വെടിയേറ്റത്. പ്രതിയുടെ പിസ്റ്റളിൽ നാല് ഉണ്ട മാത്രമാണുണ്ടായിരുന്നത്.നാല് റൗണ്ട് വെടിയുതിർത്ത ശേഷം

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിറകിൽ നിന്ന് ലാത്തി ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു.

ഇയാളെ പിടികൂടിയ ശേഷമാണ് വെടിയേറ്റ വിവരം മനോജ് സഹപ്രവർത്തകരോട് പറഞ്ഞത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റുമുട്ടലിൽ ജോർജ് കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പിടിച്ചെടുത്ത പിസ്റ്റളും തിരകളും വണ്ടൂർ പൊലീസിന് കൈമാറി. മുമ്പ് പൊലീസ് എസ്.ഐയെ കുത്തി പരിക്കേല്പിച്ച കേസിലും പ്രതിയാണ് ജോർജ് കുട്ടി.

മലപ്പുറം എക്‌സൈസ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ വി.എ. പ്രദീപ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ടി. സജിമോൻ, എസ്. മനോജ്കുമാർ, റോബിൻ ബാബു, തിരുവനന്തപുരം എസ്.ഐ.ടി ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി. ഷിജുമോൻ, എൻ. ശങ്കരനാരായണൻ, മധു, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. ലിജിൻ, ടി.കെ. സതീഷ്, വി. സുഭാഷ്, കെ.എസ്. അരുൺകുമാർ, സി. റിജു, എം. സുലൈമാൻ, ദിനേശ്, സവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.