മലപ്പുറം: മൺസൂൺ പെയ്യാൻ മടിച്ചു നിന്നാൽ ഭൂഗർഭ ജലവിതാനത്തിൽ ജില്ല വലിയ തിരിച്ചടി നേരിടും. പുതിയ കണക്കുകൾ പ്രകാരം മലപ്പുറം, വേങ്ങര, തിരൂർ, കുറ്റിപ്പുറം ബ്ലോക്കുകൾ കൂടി ഭാഗിക ഗുരുതര മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ ബ്ലോക്കുകൾ നേരത്തെ തന്നെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ ജില്ലയിലെ 15 ബ്ലോക്കുകളിൽ ഏഴും ഭാഗിക ഗുരുതര മേഖലയിലാണ്.
വരൾച്ചാ അവലോകനത്തിന് വേണ്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 495.55 മില്യൺ ക്യൂബിക് മീറ്ററാണ് ജില്ലയിലെ ഏകദേശ ഭൂഗർഭ ജലത്തിന്റെ അളവ്. സംഭരിക്കപ്പെട്ട ജലത്തിന്റെ 70 ശതമാനത്തിന് മുകളിൽ വരെ ഉപയോഗിക്കപ്പെടുന്ന പ്രദേശങ്ങളെയാണ് ഭാഗിക ഗുരുതര മേഖലയായി കേന്ദ്ര ഭൂജല വകുപ്പ് അടയാളപ്പെടുത്തിയത്. മഴയുടെ തോതും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിന്റെ അളവും കുറയുന്നതാണ് തിരിച്ചടിയായത്. വയലുകളും കൃഷിയിടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പിന്നാക്കം പോയതും ഭൂഗർഭ ജലവിതാനം കുറയാൻ കാരണമായി. അശാസ്ത്രീയമായ കുഴൽക്കിണർ നിർമ്മാണം ഭൂഗർഭ ജലത്തിന്റെ വലിയ തോതിലുള്ള ചൂഷണത്തിന് വഴിവച്ചിട്ടുണ്ട്.
കുഴൽക്കിണർ ലോബി പിടിമുറുക്കിയ പ്രദേശങ്ങളാണ് ഗുരുതര മേഖലകളിൽ ഉൾപ്പെട്ടത്.
കൃത്യമായി അറിയാൻ
സ്ലിംഹോളുകൾ
ഭൂഗർഭ ജലനിരപ്പ് കൃത്യമായി അറിയാൻ കുഴൽക്കിണറിനോട് സാമ്യമുള്ള 60ഓളം സ്ലിം ഹോളുകളും നിരീക്ഷണ ടെലി മെട്രിക് സംവിധാനവും സ്ഥാപിക്കാനൊരുങ്ങുകയാണ് ഭൂഗർഭ ജലവകുപ്പ് അധികൃതർ.
സെൻസറും വയർലെസ് ട്രാൻസ്മിറ്ററും അടങ്ങുന്നതാണ് ടെലി മെട്രിക് സംവിധാനം. കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റിന്റെ സഹായത്തോടെ ഓഫീസിലിരുന്ന് തന്നെ ജലനിരപ്പ് കൃത്യമായി മനസ്സിലാക്കാനാവും.
നിലവിൽ നിശ്ചിത ഇടവേളകളിൽ ഭൂഗർഭജല വകുപ്പിന്റെ 30 കുഴൽക്കിണറുകളും 28 തുറന്ന കിണറുകളിലുമെത്തി ഉദ്യോഗസ്ഥർ ജലനിരപ്പ് അളക്കുകയാണ് ചെയ്യുന്നത്. ഇതിൽ പലപ്പോഴും കൃത്യത കുറവായിരിക്കും.