പൊന്നാനി: 53 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷം അന്നം തേടിയുള്ള ജീവിതയാത്രയ്ക്കായി മത്സ്യബന്ധന ബോട്ടുകൾ ഇന്ന് അർദ്ധരാത്രി കടലിലിറക്കും. ചാകരക്കോളുകൾ തേടിയാണ് മത്സ്യബന്ധന ബോട്ടുകളുടെ കടലിലേക്കിറക്കം. വറുതിയുടെ നാളുകൾക്ക് വിടനൽകി വരാനിരിക്കുന്നത് സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തിന്റെ ലഭ്യതക്കുറവ് ഉണ്ടാക്കിയ പ്രതിസന്ധികൾ കടുത്ത ദുരിതമാണ് കഴിഞ്ഞ സീസണിൽ മത്സ്യമേഖലയ്ക്ക് സമ്മാനിച്ചത്. ദിവസങ്ങൾ കടലിൽ നങ്കൂരമിട്ട് പണിയെടുത്തിട്ടും ഇന്ധനച്ചെലവ് പോലും തിരിച്ചുകിട്ടാതെ തിരിച്ചെത്തിയ ദിവസങ്ങളായിരുന്ന അത്.
ട്രോളിംഗ് നിരോധനകാലയളവിൽ വൻതുക മുടക്കിയുള്ള അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും ശേഷമാണ് മത്സ്യബന്ധന ബോട്ടുകൾ കടലിലേക്കിറങ്ങുന്നത്. കടം വാങ്ങിയും ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തുമാണ് ബോട്ടുകൾ നവീകരണത്തിനുള്ള പണം കണ്ടെത്തിയത്.
കയറ്റുമതി വിപണിയിൽ ഉയർന്ന വില ലഭിച്ചിരുന്ന മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മത്സ്യബന്ധന മേഖലയെ തളർത്തിയിരുന്നു. അയക്കൂറ, ആവോലി, കൂന്തൾ, സ്രാവ് എന്നിവ വല്ലപ്പോഴും മാത്രം ലഭിക്കുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലേക്ക് മാറിയിട്ടുണ്ട്. അയലയുടേയും മത്തിയുടേയും ലഭ്യതയിൽ കുറവ് അനുഭവപ്പെട്ട സീസണായിരുന്നു കടന്നുപോയത്. വിപണിയിൽ ആവശ്യക്കാരും കുറവായിരുന്നു.
ട്രോളിംഗ് നിരോധന സമയത്ത് മത്സ്യബന്ധനത്തിന് അനുമതിയുള്ള പരമ്പരാഗത വള്ളങ്ങൾക്ക് ചെമ്മീൻ ധാരാളമായി ലഭിച്ചത് യന്ത്രവത്കൃത ബോട്ടുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ചെമ്മീൻ, കൂന്തൾ എന്നിവയാണ് ട്രോളിംഗ് നിരോധന ശേഷമുള്ള ദിവസങ്ങളിൽ കൂടുതലായി ലഭിക്കേണ്ടത്. പ്രതീക്ഷിച്ച പോലെ മത്സ്യത്തിന്റെ ലഭ്യത ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയായിരിക്കും ഫലം. നഷ്ടം സഹിച്ച് ഇനിയും മത്സ്യബന്ധനം തുടരേണ്ടതില്ലെന്ന നിലപാടാണ് ബോട്ടുടമകൾക്കുള്ളത്.
ഇടക്കിടെയുള്ള ഇന്ധനവിലവർദ്ധനവും മണ്ണെണ്ണ ഉൾപ്പെടെയുള്ളവയുടെ സബ്സിഡി വെട്ടിക്കുറച്ചതും നഷ്ടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. അറ്റകുറ്റപ്പണി നടത്താൻ ശേഷിയില്ലാത്ത ബോട്ടുടമകൾ മത്സ്യബന്ധന ബോട്ടുകൾ പൊളിച്ചു വിൽക്കുന്നത് പൊന്നാനി തുറമുഖത്ത് പതിവാവുകയാണ്.
കടലിലുണ്ടാകുന്ന അപകടങ്ങൾ മത്സ്യത്തൊഴിലാളികൾക്കുണ്ടാക്കുന്ന ആശങ്കകൾക്ക് ഇത്തവണയും പരിഹാരം കാണാനായിട്ടില്ല. തീരസുരക്ഷ ലക്ഷ്യമിട്ട് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ ഒന്നും തന്നെ കടൽ കടന്നെത്താതെയാണ് പുതിയ സീസണ് തുടക്കമാകുന്നത്. രണ്ടും മൂന്നും ദിവസം കടലിൽ നങ്കൂരമിട്ട് മത്സ്യ ബന്ധനം നടത്തുന്ന വലിയ മത്സ്യബന്ധന ബോട്ടുകൾ വെള്ളിയാഴ്ച്ച അർദ്ധരാത്രിയേ കടലിലിറങ്ങൂ.