isis

മലപ്പുറം: ഭീകരസംഘടനയായ ഐസിസിൽ ചേർന്ന എടപ്പാൾ വട്ടംകുളം സ്വദേശി മുണ്ടേക്കാട്ടിൽ മുഹമ്മദ് മുഹ്സിൻ (23) അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. ജൂലൈ 18ന് ഐസിസ് ‌കമാൻഡർ ഹുസൈഫ അൽ ബാകിസ്താനിക്കൊപ്പം പാക്-അഫ്ഗാൻ അതിർത്തിയിലെ നംഗർഹാർ പ്രവിശ്യയിലാണ് മുഹ്‌സിനടക്കം പത്തംഗങ്ങൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾക്ക് ലഭിച്ച വിവരം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറ‍ഞ്ഞു.

അഫ്ഗാനിസ്ഥാൻ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു മുഹ്സിൻ കൊല്ലപ്പെട്ടെന്ന സന്ദേശം വിദ്യാർ‌ത്ഥിനിയായ സഹോദരിയുടെ മൊബൈലിൽ ലഭിച്ചത്. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. ബുധനാഴ്ച്ച ജില്ലാ പൊലീസ് മേധാവിയെ ബന്ധുക്കൾ ഇക്കാര്യമറിയിച്ചു.

തൃശൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ നാലാംവർഷ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് മുഹ്സിൻ 2017 ഒക്ടോബർ എട്ടിനാണ് ഐസിസിൽ ചേരാൻ നാടുവിട്ടത്. കോളേജിൽ നിന്ന് സ്റ്റഡിടൂറിന് പോവുന്നെന്നായിരുന്നു വീട്ടിലറിയിച്ചത്. വീട്ടുകാർ വിളിക്കുമ്പോൾ കൂടെയുണ്ടെന്ന് പറയാൻ കൂട്ടുകാരെ ചട്ടംകെട്ടി. മുഹ്സിൻ ടൂറിന് പോയിരുന്നില്ലെന്ന വിവരമറിഞ്ഞ വീട്ടുകാർ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. ബാംഗ്ലൂർ വഴി ദുബൈയിലേക്ക് കടന്ന മുഹമ്മദ് മുഹ്‌സിൻ ഐസിസിൽ ചേർന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു.

കേരളത്തിൽ നിന്ന് 98 പേർ ഐസിസിൽ ചേർന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണക്ക്. ഇതിൽ 38 പേർ‌ കൊല്ലപ്പെട്ടു. കണ്ണൂരിൽ നിന്ന് എട്ട് സ്ത്രീകളടക്കം 40 പേരാണ് ഐസിസിൽ ചേർന്നത്. കാസർകോട്,​ കോഴിക്കോട്,​ മലപ്പുറം,​ പാലക്കാട്,​ തൃശൂർ,​ എറണാകുളം ജില്ലകളിൽ നിന്നാണ് മറ്റുള്ളവർ.

വാട്സ് ആപ്പ് മെസേജിങ്ങനെ

നിങ്ങളുടെ സഹോദരൻ ദൈവികമാർഗ്ഗത്തിലെ രക്തസാക്ഷിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ അല്ലാഹു അത് നടത്തിക്കൊടുത്തു. പത്ത് ദിവസം മുമ്പുള്ള അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിലാണ് മരിച്ചത്. ദയവായി ഇക്കാര്യം പൊലീസിനെ അറിയിക്കരുത്. അവർ നിങ്ങളെ പിന്നീട് ബുദ്ധിമുട്ടിക്കും. അത് നിങ്ങളുടെ സഹോദരൻ ഇഷ്ടപ്പെട്ടിരുന്നില്ല.