മണ്ണാർക്കാട്: 'ശിവദാസൻ ഡോക്ടർ ഒന്നുതൊട്ടുനോക്കിയാൽ തന്നെ അസുഖം പകുതി മാറും." ഓട്ടോ ഡ്രൈവർ രാമകൃഷ്ണന്റെ ഈ വാക്ക് മണ്ണാർക്കാട്ടെ സാധാരണക്കാരുടെ ശബ്ദമാണ്. ഡോ.കെ.പി.ശിവദാസന് ജനമനസുകളിലുള്ള സ്ഥാനം വാക്കുകൾക്കതീതമാണ്. ഇതിനുദാഹരണമാണ് കോടതിപ്പടിയിലെ ക്ലിനിക്കിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ രോഗികളുടെ നിര നിളുന്നത്.
കൺസൾട്ടിംഗ് ഫീസായി 300 രൂപ വരെ വാങ്ങുന്ന ഡോക്ടർമാർക്കിടയിലും ഇദ്ദേഹം വേറിട്ടുനിൽക്കുന്നു. 40 രൂപ മാത്രമാണ് പരിശോധനാ ഫീസ്. പൈസ ഇല്ലാത്തവരെങ്കിൽ അതും നിർബന്ധമില്ല. എല്ലാ ചൊവ്വാഴ്ചയും പാവപ്പെട്ട രോഗികൾക്ക് സൗജന്യ പരിശോധനയുമുണ്ട്. സാമ്പിൾ മരുന്ന് തികച്ചും സൗജന്യമായി ആവശ്യമുള്ളവർക്ക് നൽകും. അത്യാവശ്യ ഘട്ടങ്ങളിൽ ഏതുസമയത്തും രോഗികൾക്ക് ഇവിടെയെത്താം. ശരാശരി ഒരു ദിവസം നൂറിലേറെ രോഗികൾ ഇദ്ദേഹത്തെ സമീപിക്കുന്നു.
പൊമ്പ്ര സ്കൂൾ അദ്ധ്യാപകൻ കൃഷ്ണവാരിയരുടെ മകനായ ഇദ്ദേഹം 1970കളിലാണ് എം.ബി.ബി.എസിന് ചേരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു വർഷം പഠനം നിറുത്തേണ്ടി വന്നതിന് ശേഷമായിരുന്നു ഇത്. പ്രീ യൂണിവേഴ്സിറ്റി, പ്രീ മെഡിക്കൽ കോഴ്സുകൾ വിക്ടോറിയ കോളേജിൽ നിന്ന് പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്താം ബാച്ചായി എം.ബി.ബി.എസും പൂർത്തിയാക്കി. വയനാട് മിഷനറി ആശുപത്രി, ആലപ്പുഴ എം.ഇ.എസ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ആദ്യകാല പ്രാക്ടീസ്. തുടർന്ന് നാട്ടിൽ സ്വന്തമായൊരു ക്ലിനിക് എന്ന ആശയവുമായി 1978 ആഗസ്റ്റ് 11ലാണ് കോടതിപ്പടിയിൽ പ്രവർത്തനം തുടങ്ങുന്നത്. സാമ്പത്തിക പ്രയാസം മൂലം ഒരാളും ചികിത്സ കിട്ടാതെ വിഷമിക്കരുത് എന്ന ആദർശം എന്നും ഡോക്ടർ കാത്തുസൂക്ഷിക്കുന്നു.
രണ്ടുതവണ ഐ.എം.എ യൂണിറ്റ് പ്രസിഡന്റായിരുന്നു. ആരോഗ്യരംഗതതെ ജനകീയത മുൻനിറുത്തി ഐ.എം.എയുടെ ആദരവും വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും തേടിയെത്തി. വൈദ്യപരിശോധന രംഗത്ത് നാലുപതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ പിന്തുണയുമായി ഭാര്യ രുഗ്മിണി വാരസ്യാർ കൂടെയുണ്ട്. പാർവതി, രഘു, വിജയൻ എന്നിവരാണ് മക്കൾ.