പാലക്കാട്: കിഴക്കൻമേഖലയിലെ എരുത്തേമ്പതി കൃഷിഫാമിലെത്തിയാൽ കാണാൻ കാഴ്ചകളേറെയാണ്. ഒരേക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒൗഷധസസ്യ മ്യൂസിയമാണ് പ്രധാന ആകർഷണം. നക്ഷത്രവനം, രാശീവനം, നവഗ്രഹവനം, ദശമൂലം ത്രിഫല, ത്രികടു, നാൽപാമരം, ഒറ്റമൂലി തുടങ്ങി ആയുർവേദത്തെയും ജ്യോതിശാസ്ത്രത്തെയും ആധാരമാക്കിയാണ് മ്യൂസിയത്തിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ ഔഷധച്ചെടികളുടെ പേരുകളും അവയുടെ ഉപയോഗവും എഴുതിവച്ചിട്ടുണ്ട്. പ്രകൃതിയുടെ ഈ പാഠപുസ്തകം കാണാനായി ദിവസേന നിരവധി വിദ്യാർത്ഥികളും ഗവേഷകരുമാണ് മ്യൂസിയത്തിലേക്ക് എത്തുന്നത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഒരുലക്ഷം രൂപയോളം ചെലവാക്കിയാണ് ഒൗഷധ സസ്യ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മരമഞ്ഞൾ, നീർമാതളംപോലെ ഭൂമിയിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നവയും വയമ്പ്, ചങ്ങലം പെരണ്ട, ബംഗാൾ തിപ്പലി, കച്ചോലം പോലുള്ളവയും മ്യൂസിയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ജന്മനക്ഷത്രവൃക്ഷങ്ങൾ, രാശിവൃക്ഷങ്ങൾ, നവഗ്രഹവൃക്ഷങ്ങൾ, ഒറ്റമൂലികൾ, വിശുദ്ധവൃക്ഷങ്ങൾ, ഗോചികിത്സാ മരുന്നുകൾ എന്നിങ്ങനെ സസ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. നടന്നുകാണാൻ പറ്റുന്നവിധമാണ് സസ്യങ്ങളെല്ലാം ഇനംതിരിച്ച് ഒരുക്കിവച്ചിരിക്കുന്നത്.
ഏതൊക്കെ രോഗശമനത്തിനാണ് ചെടികൾ ഉപയോഗിക്കുന്നതെന്നും ചെടികളുടെ ശാസ്ത്രീയനാമവും ഇതിൽ എഴുതിവച്ചിട്ടുണ്ട്. കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ലക്ഷ്മിതരു, മുള്ളാത്ത, നോനി, അമൃതവള്ളി (പ്രമേഹം), അയ്യംപന (പൈൽസ്), അടപതിയൻ (അൾസർ) സസ്യങ്ങളും, പാമ്പിൻ വിഷമിറക്കാനുള്ള അണലിവേഗം, വിഷമൂലി പോലുള്ള സസ്യങ്ങളും ഇവിടെയുണ്ട്. നാടൻ ഔഷധച്ചെടികൾക്ക് പുറമേ മറ്റ് ഔഷധസസ്യങ്ങൾ കൂടി വിത്തുകളാക്കി കൃഷിചെയ്യാൻ തയ്യാറെടുക്കുകയാണ് ഫാം അധികൃതർ.