അഗളി: അട്ടപ്പാടിയിൽ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിവേണമെന്ന മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. കോടതി ആരംഭിക്കുന്നതിന് ഐ.റ്റി.ഡി.പി കെട്ടിടം വിട്ടുനൽകാൻ ജില്ലാ കളക്ടർ ഡി.ബാലമുരളി നിർദ്ദേശം നൽകി. ജില്ലാ ജഡ്ജി കെ.പി.ഇന്ദിരയുടെ ആവശ്യപ്രകാരമാണ് കളക്ടർ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസറോട് ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതോടെ ഐ.റ്റി.ഡി.പി ആസ്ഥാനം പുതിയതായി ആരംഭിച്ച സിവിൽ സ്റ്റേഷനിലേക്ക് ഉടൻ മാറും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട ചില ഓഫീസുകളും ഐ.റ്റി.ഡി.പി ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. ഇവ കൂടി ഒഴിവാക്കി കെട്ടിടം പൂർണമായി ഏറ്റെടുത്ത് നൽകാനാണ് ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി ആരംഭിക്കാനായി കെട്ടിടം ഉടൻ ഏറ്റെടുത്ത് അറ്റകുറ്റപണികൾ നടത്താൻ പൊതുമരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. ഇതേ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.
എ.മാധവമേനോൻ കമ്മിഷൻ 2005ൽ അട്ടപ്പാടിയിലെ ആദിവാസി പദ്ധതികളെക്കുറിച്ചു നൽകിയ റിപ്പോർട്ടിൽ കോടതി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അനുയോജ്യമായ കെട്ടിടം ലഭ്യമാകാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ആദ്യം അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ (എ.വി.ഐ.പി) അഗളിയിലെ ഗസ്റ്റ് ഹൗസാണു കോടതിക്കായി കണ്ടെത്തിയത്. ജില്ലാ ജഡ്ജി കെ.പി.ഇന്ദിര സ്ഥലംസന്ദർശിച്ചു പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശമനുസരിച്ചു കഴിഞ്ഞ നവംബറിൽ കോടതിക്കാവശ്യമായ 14 തസ്തികകൾ സൃഷ്ടിക്കാനും ആഭ്യന്തര വകുപ്പ് സർക്കാരിന് ശുപാർശ ചെയ്തിരുന്നു. പക്ഷേ, സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല. ഇതോടെ പദ്ധതി പാതിവഴിയിലായി.
ആദിവാസികളുമായി ബന്ധപ്പെട്ട അതിക്രമ കേസ് നടത്താൻ അട്ടപ്പാടിയിൽ നിന്ന് പാലക്കാട് എത്തേണ്ട സ്ഥിതിക്കു മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ആരംഭിച്ചതോടെയാണ് ആശ്വാസമായത്. എന്നാൽ, ഇപ്പോഴും സിവിൽ കേസുകൾക്കായി പാലക്കാട് വരേണ്ട അവസ്ഥയാണുള്ളത്. സ്ഥലം ഏറ്റെടുത്ത് ആറു മാസത്തിനകം അട്ടപ്പാടിയിൽ മുൻസിഫ് കോടതി ആരംഭിക്കുന്നതോടെ അതിന് പരിഹാരമാവും. പിന്നീട് പല കോടതികളിലായുള്ള സിവിൽ കേസുകൾ ഘട്ടംഘട്ടമായി ഇവിടേക്കു മാറ്റും.