building
ചെർപ്പുളശേരിയിലെ റൂറൽ ജില്ലാ ട്രഷറി

ചെർപ്പുളശേരി: വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി പ്രവർത്തിക്കുകയാണ് ജില്ലയിലെ പ്രധാന ട്രഷറികളിൽ ഒന്നായ ചെർപ്പുളശേരിയിലെ റൂറൽ ജില്ലാ ട്രഷറി. ശ്രീകൃഷ്ണപുരം, പട്ടാമ്പി, കൂറ്റനാട്, ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർക്കാട്, അഗളി എന്നീ സബ് ട്രഷറികളെല്ലാം ഇതിനുകീഴിലാണ്. പെൻഷൻകാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പടെ ദിനംപ്രതി നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന സ്ഥാപനമായിട്ടും അതിനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല.

13 സ്ത്രീകൾ ഉൾപ്പടെ 30ഓളം ജീവനക്കാർ ഇവിടെയുണ്ട്. ഇവർക്കും ട്രഷറിയിൽ വന്നുപോകുന്നവർക്കുമെല്ലാം ആകെയുള്ളത് ഒരു ശൗചാലയം മാത്രം. വേനൽക്കാലത്ത് കെട്ടിടത്തിൽ വെള്ളം ലഭിക്കില്ല. മഴ പെയ്താൽ വെള്ളം അകത്തേക്ക് കയറുന്നത് കാരണം ആളുകൾക്ക് ഇരിക്കാനും ഫയലുകൾ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. പാർക്കിംഗ് സൗകര്യവുമില്ല. ജീവനക്കാരുടെ വാഹനങ്ങൾ പുറത്ത് റോഡിലാണ് നിറുത്തിയിടുന്നത്. മൂന്നുവർഷം കൂടുമ്പോൾ വർദ്ധിപ്പിക്കേണ്ട കെട്ടിട വാടക 2016ൽ മൂന്ന് ഇരട്ടിയിലധികമാണ് വർദ്ധിപ്പിച്ചതെങ്കിലും വാടക വർദ്ധിപ്പിക്കുമ്പോഴുള്ള കരാറിൽ പറഞ്ഞ ബിൽഡിംഗ് അറ്റകുറ്റപ്പണികൾ ഒന്നും ചെയ്തിട്ടില്ലെന്ന് ട്രഷറി ജീവനക്കാർ പറയുന്നു.

മൂന്നുവർഷം മുമ്പ് 14,574 ആയിരുന്ന വാടക ഇപ്പോൾ 44,678 രൂപയാണ്. ഷൊർണൂർ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ആണ് വാടക നിർണയിക്കേണ്ടത്. എങ്കിലും ഒറ്റയടിക്ക് ഇത്ര വർദ്ധനവ് എങ്ങനെയെന്നത് ചോദ്യചിഹ്നമാകുന്നു. അംഗപരിമിതനായ ഒരു ജീവനക്കാരൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയിലേക്ക് വികലാംഗർക്ക് കയറാനുള്ള സൗകര്യമില്ല.

രാത്രി ഉൾപ്പടെ രണ്ടുപൊലീസുകാർ 24 മണിക്കൂറും കാവലിനുണ്ടെങ്കിലും വളരെ ദുരിതം സഹിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. പരിമിതികൾ ഏറെയാണെങ്കിലും ട്രഷറിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം കടലാസിൽ ഒതുങ്ങുകയാണ്. പൊലീസ് സ്റ്റേഷന് പുറകുവശത്തായി സ്ഥലം ലഭ്യമായിട്ടുണ്ടെങ്കിലും സാങ്കേതിക നടപടി നീളുന്നതാണ് ട്രഷറിയുടെ ദുരവസ്ഥയ്ക്ക് കാരണം.