ചിറ്റൂർ: തലമുറകളായി താമസിച്ചുവരുന്ന ഭൂമിയുടെ പട്ടയത്തിനായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് 12 ഓളം നായാടി കുടുംബങ്ങൾ. ചിറ്റൂർ - തത്തമംഗലം നഗരസഭയുടെ അഞ്ചാം വാർഡിൽ നഗരസഭ കാര്യാലയത്തിന് പുറകിലായി താമസിക്കുന്ന കുടുംബങ്ങളാണ് പട്ടയം ലഭിക്കാനായി ആലയുന്നത്. പട്ടയമില്ലാത്തതിന്റെ പേരിൽ സമീപവാസികളിൽ ചിലർ തങ്ങളുടെ സ്ഥലം കൈയേറുന്നുണ്ടെന്ന് കോളനിവാസികൾ പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് സ്വന്തം പേരിൽ സ്ഥലങ്ങളില്ലാത്ത നിലയ്ക്ക് പട്ടയം അനുവദിക്കാമെന്നിരിക്കെ സർക്കാരോ മുൻസിപ്പാലിറ്റിയോ നാളിതുവരെ അതിന് തയ്യാറായിട്ടില്ലെന്നാണ് യാഥാർത്ഥ്യം.
1908 ൽ ചിറ്റൂർ - തത്തമംഗലം നഗരസഭ രൂപീകൃതമാകുന്നതിന് മുമ്പുതന്നെ ഇവിടെ തലമുറകളായി താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് ഒരുതുണ്ട് ഭൂമിപോലും സ്വന്തം പേരിലില്ല. ഭിക്ഷാടനവും എലിപിടിത്തവും നടത്തി ഉപജീവനം നടത്തുന്ന ഇവർ ചോർന്നൊലിക്കുന്ന ഓലക്കുടിലുകളിലാണ് താമസിച്ചു വന്നിരുന്നത്.1984 - 85 വർഷത്തിൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിതികേന്ദ്രം ഇവർക്ക് വീടുകൾ നിർമ്മിച്ചു നല്കികി. ഇത് കാലക്രമേണ ജീർണിച്ച് താമസ യോഗ്യമല്ലാതായി. പിന്നീട്, 2008 - 09 വർഷത്തിൽ സർക്കാറിന്റെ പ്രത്യേക അനുമതിയോടെ നഗരസഭ നിർമ്മിച്ച് നൽകിയ വീടുകളിലാണ് നിലവിൽ 12 കുംബങ്ങളും താമസിക്കുന്നത്. 26 സെന്റിലധികം വിസ്തൃതിയുള്ള ഈ കോളനി നഗരസഭയുടെ ഉടമസ്ഥതയിലാണ്. ഇതാണ് കോളനിക്കാർക്ക് പട്ടയം ലഭിക്കാത്തതിനു കാരണം. കൗൺസിൽ യോഗങ്ങളിൽ ഈ വിഷയം ഉയർന്നുവരാറുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് ആക്ഷേപം. നഗരസഭയുടെ സ്ഥലമാണെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ പട്ടയം നൽകാനാവൂ എന്നാണ് മുൻസിപ്പാലിറ്റിയുടെ നിലപാട്.
വനഭൂമി ആദിവാസികൾക്കും മലനിരകൾ കുടിയേറ്റക്കാർക്കും പതിച്ചുനൽകുമ്പോഴാണ് തലമുറകളായി താമസിച്ചുവരുന്ന ഒരുതുണ്ട് ഭൂമിക്ക് പട്ടയം കിട്ടാതെ 12 ഓളം കുടുംബങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നത്. നഗരസഭ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.