വടക്കഞ്ചേരി: സ്‌കൂൾ വാനിടിച്ച് നഴ്സറി സ്കൂൾ വിദ്യാർത്ഥിനിയായ കിഴക്കഞ്ചേരി തെക്കിൻകല്ല നീർക്കുന്നത്ത് വീട്ടിൽ കുര്യക്കോസിന്റെ മകൾ ആൻ മരിയ (4) മരിച്ചു. തൃപ്പന്നൂർ എ.യു.പി.എസിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് 4.30ന് വേളാമ്പുഴ ആലാംപരുതയ്ക്ക് സമീപമാണ് അപകടം.
സ്‌കൂൾ വാനിൽ നിന്നിറങ്ങി നടക്കുന്നതിനിടെ അതേ വാൻ ഇടിക്കുകയായിരുന്നു. വാനിന്റെ സൈഡ് കുട്ടിയുടെ ദേഹത്ത് തട്ടി വീഴുകയായിരുന്നു. വാൻ മുന്നോട്ടെടുത്തപ്പോൾ ഡ്രൈവർ തന്നെയാണ് കുട്ടി റോഡിൽ വീണത് കണ്ടത്. ഉടനേ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിഴക്കഞ്ചേരി ആലാംപരുതയിലുള്ള അമ്മ ബിന്ദുവിന്റെ വീട്ടിലാണ് ഇവർ കുറച്ച് ദിവസമായി താമസിക്കുന്നത്. സഹോദരൻ എബിനും ഇതേ വിദ്യാലയത്തിലെ ആറാംതരം വിദ്യാർത്ഥിയാണ്. ഇവർ ഇരുവരും ചേർന്നാണ് വാഹനത്തിൽ നിന്നിറങ്ങിയത്. ആൻ മരിയയുടെ മൃതദേഹം നെന്മാറ സ്വകാര്യാശുപത്രി മോർച്ചറിയിൽ. വിദേശത്തുള്ള പിതാവ് കുര്യക്കോസ് നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടക്കും. മംഗലംഡാം പൊലീസ് കേസെടുത്തു.