മണ്ണാർക്കാട്: സഹകരണ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന പുരസ്‌കാരം മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്. ഇന്ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും.
ബാങ്ക് നടപ്പിലാക്കിയ മുറ്റത്തെ മുല്ല, സാമൂഹ്യ സുരക്ഷ പെൻഷൻ കൺസോർഷ്യം ഫണ്ട് മാനേജർ എന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്നതിനുള്ള മികവ് എന്നിവയും, കുട്ടിസഞ്ചി പോലുള്ള നൂതന ആശയങ്ങളുമാണ് അവാർഡിനർഹമാക്കിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് സർക്കാർ രൂപീകരിച്ച സഹകരണ സംഘങ്ങളുടെ 4407.78 കോടി രൂപയുടെ കൺസോർഷ്യം ഫണ്ട് മാനേജരായി സർക്കാർ റൂറൽ സർവീസ് ബാങ്കിനെയാണ് നിയോഗിച്ചിട്ടുള്ളത്. 1881 സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിന്റെ കണക്ക് കുറ്റമറ്റ രീതിയിലാണ് ബാങ്ക് കൈകാര്യം ചെയ്യുന്നത്.
ബാങ്ക് ആവിഷ്കരിച്ച് നടപ്പാക്കിയ ജൈവപച്ചക്കറി പദ്ധതി സുവർണ്ണ കേരളം എന്ന പേരിൽ സംസ്ഥാന വ്യാപകമായി സഹകരണ വകുപ്പ് നടപ്പാക്കി. സംസ്ഥാനത്ത് കൂടുതൽ കുടുംബശ്രീ വായ്പ നൽകിയതിനും സംസ്ഥാനത്തെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള അവാർഡും നേരത്തെ ലഭിച്ചിരുന്നു.
രാജ്യത്തെ മികച്ച പ്രാഥമിക സംഘത്തിനുള്ള സുഭാഷ് യാദവ് ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. 1989 മേയ് 17ന് പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇന്ന് നാടിന്റെ സാമ്പത്തിക മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറ്റത്തിന്റെ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കുകയാണ്.