പാലക്കാട്: വരണ്ട ജൂണിന് ശേഷം ജില്ലയിൽ കാലവർഷം പതിയെ കനക്കുന്നു. ഈ മാസം ആറുദിവസത്തിനിടെ ലഭിച്ചത് 163.4 മില്ലി മീറ്റർ മഴ. മുണ്ടൂർ ഐ.ആർ.ടി.സിയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ രേഖപ്പെടുത്തിയ മഴയുടെ അളവ് പരിശോധിക്കുമ്പോൾ ജൂലൈ ഒന്നുമുതൽ മഴ ശക്തിപ്രാപിക്കുന്നതായി കാണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 59.4 മില്ലി മീറ്റർ.
മലയോര മേഖലകളിലും മഴനിഴൽ പ്രദേശമായ കിഴക്കൻ പ്രദേശങ്ങളിലും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് ഇടവിട്ട് മഴ ലഭിച്ചിരുന്നു. ഇതോടെ പലയിടത്തും പാതിവഴിയിൽ നിറുത്തിയിരുന്ന കൃഷിപ്പണികൾ കർഷകർ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയുടെ ശക്തി ക്രമാതീതമായി കൂടിയാലേ അണക്കെട്ടുകൾ നിറയുകയുള്ളു. എങ്കിൽ മാത്രമേ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുകയുള്ളു.
മഴപെയ്തു തുടങ്ങിയതോടെ പകർച്ച വ്യാധികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ പകർച്ചപ്പനിമൂലം 4937 പേരാണ് ചികിത്സ തേടിയത്. പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണണം. പരിസര ശുചിത്വം, വ്യക്തിശുചിത്വം എന്നിവ പാലിക്കണം എന്നും അധികൃതർ നിർദ്ദേശിക്കുന്നു.
ജൂലൈ ആറുവരെ ലഭിച്ച മഴ (മില്ലീമീറ്റർ)
ഒന്നിന് - 4
രണ്ടിന് - 13.8
മൂന്നിന് - 28.2
നാലിന് - 28.8
അഞ്ചിന് - 59.4
ആറിന് - 29.2