agali
അട്ടപ്പാടി ചുരത്തിൽ മാസങ്ങളായി ചെയ്തു വരുന്ന ഗാബിയോൺ മണ്ണ് സംരക്ഷണ പ്രവർത്തികൾ.

അഗളി: മണ്ണാർക്കാട് ചിന്നതടാകം അന്തർ സംസ്ഥാന പാതയിലെ ആനമൂളി മുതൽ മന്തംപ്പൊട്ടി വരെയുള്ള ചുരംറോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. മാസങ്ങൾക്ക് മുമ്പ് കനത്ത പ്രതിഷേധത്തെ തുടർന്ന് മണ്ണാർക്കാട് ചിന്നത്തടാകം റോഡിലെ കുഴികൾ ഭാഗികമായി അടച്ചിരുന്നു. എന്നാൽ മഴയെത്തിയതോടെ പാതയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ചുരംവഴി പോകുന്നത്.
കഴിഞ്ഞവർഷം മഴയിൽ ചുരത്തിലെ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേ തുടർന്ന് ആഴ്ചകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരുന്നു. വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഏക ആശ്രയമാണ് ഈ റോഡ്.

നിയമസഭയിൽ എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ സബ്മിഷനു മറുപടിയായി ധനമന്ത്രി ചിന്നത്തടകാം റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് അനുമതി നൽകിയതായി വ്യക്തമാക്കിയിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾകൊള്ളിച്ചിട്ടുള്ള റോഡിന് വിശദമായ പദ്ധതി റിപ്പോർട്ട് ലഭ്യമായിട്ടില്ല എന്നാണ് അറിയുന്നത്. മഴയുടെ ശക്തി കൂടുന്തോറും അട്ടപ്പാടി നിവാസികളുടെ ആശങ്കയും വർദ്ധിക്കുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.