പാലക്കാട്: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ കോടികൾ വില മതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി ഹാരിസ് (24) ആണ് മെത്താംഫിറ്റമിൻ ഗുളികകളുമായി പിടിയിലായത്. കൂടാതെ കഞ്ചാവും കണ്ടെത്തി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും അധികൃതർ കസ്റ്റഡിയിലെടുത്തു.

ജില്ലയിൽ ആദ്യമായാണ് ഈ ലഹരിമരുന്ന് പിടികൂടുന്നത്. എറണാകുളം ഭാഗത്ത് എത്തിച്ച് ആവശ്യകാർക്ക് വിതരണം നടത്തുന്നതിനായാണ് മരുന്നുകൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശൃഖലയിൽ കൂടുതൽ പേർ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.രാകേഷ് അറിയിച്ചു. ഖത്തറിൽ നിന്നും തുണികൊണ്ടുവരുന്നതിന്റെ മറവിലാണ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളാണ് ഇത്തരത്തിലുള്ള ലഹരിമരുന്നുകൾ മലബാറിൽ എത്തിക്കുന്നത്. ബാംഗ്ലൂരിൽ തുണി വ്യാപാരം നടത്തുന്ന ഹാരിസ് മലപ്പുറം സ്വദേശികളിൽ നിന്നും സ്ഥിരമായി തുണിവാങ്ങിയിരുന്നു. ഈ അടുപ്പമാണ് പിന്നീട് ലഹരി കച്ചവടത്തിലേക്കും നയിച്ചത്. മലപ്പുറം സ്വദേശികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജി.എം.മനോജ്കുമാർ, ലോതർ എൽ. പെരേര, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രതാപ്‌ സിംഹൻ, പുഷ്‌ക്കരൻ, ശ്രീകുമാർ, ഷിനോജ്, വേണഗോപാലൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ എം.സ്മിത, ഡ്രൈവർ ശെൽവകുമാർ പ്ലാക്കൽ എന്നിവർ പങ്കെടുത്തു.