പാലക്കാട്: വോട്ടർ പട്ടികയെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ബഹളത്തെ തുടർന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയോടും പ്രസിഡന്റ് ബാബു കോട്ടയിലിനോടും തൽസ്ഥാനത്ത് തുടരാൻ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

2019 - 21 കാലയളവിൽ ഈ കമ്മിറ്റിയായിരിക്കും ജില്ലയിൽ തുടരുക. ബാബു കോട്ടയിലിനോട് തൽസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരുവിഭാഗം പ്രവർത്തകർ തിരഞ്ഞെടുപ്പ് വേദിയായ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രസിഡന്റിനെ ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തതെന്ന് ബാബു കോട്ടയിൽ വിഭാഗം അവകാശപ്പെട്ടു.
രണ്ടുവിഭാഗവും രാവിലെ മുതൽ ചേരിതിരിഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ചതിനാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച് ജോബി വി.ചുങ്കത്ത് വിഭാഗം രംഗത്തെത്തിയതാണ് പ്രശ്നത്തിന്റെ തുടക്കം. വിജയിക്കാൻ ബാബു കോട്ടയിൽ വിഭാഗം വോട്ടർപട്ടികയിൽ ചിലരെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. എടത്തനാട്ടുക്കര, നാട്ടുകൽ, വല്ലപ്പുഴ തുടങ്ങി 21 യൂണിറ്റുകളെ ഒഴിവാക്കിയതിനാൽ 90 കൗൺസിലർമാർക്ക് വോട്ടവകാശം ഇല്ലാതായെന്നും ഇവരുടെ പേരുകൂടി പട്ടികയിൽ ഉൾക്കൊള്ളിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ആവശ്യം. ആവശ്യം തള്ളിയതോടെ യോഗത്തിൽ ബഹളമുണ്ടായി. ആരോപണങ്ങളെയെല്ലാം ബാബു കോട്ടയിൽ വിഭാഗം നിഷേധിച്ചു.
കഴിഞ്ഞ തവണ 802 കൗൺസിലർമാർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ സംഘടന നേരത്തെ രണ്ടായി പിളർന്നിരുന്നു. പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ ഇടപ്പെടലിനെ തുടർന്നാണ് കഴിഞ്ഞവർഷം രണ്ടു വിഭാഗങ്ങളും ഒന്നിച്ചത്. തുടർന്ന് കഴിഞ്ഞ സെപ്തംബർ 30ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് നിലവിലുള്ള കമ്മിറ്റി അധികാരമേറ്റത്.