പാലക്കാട്: പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാധ്യമാകുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കോട്ടായി പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന ചമ്പ്രക്കുളം എസ്.സി കോളനിയുടെ പുനർനിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട വിദ്യാഭ്യാസം, ഹോസ്റ്റൽ നവീകരണം, ഗുണമേൻമയുള്ള ഭക്ഷണം, വർദ്ധിപ്പിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വഴിയാണ് ഈ വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുക. നിലവിൽ ഈ വിഭാഗക്കാരായ കുട്ടികളുടെ അലവൻസും പോക്കറ്റ് മണിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയതിന് പുറമെ വീട്ടിലിരുന്ന് പഠനം നടത്തുന്നവർക്കായി വീടിനോട് ചേർന്ന് പഠനമുറികൾ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് പരിശീലനം നൽകുന്നുണ്ട്. രാജ്യത്തിനകത്ത് തൊഴിൽ ഉറപ്പാക്കുന്നതിന് പുറമെ വിദേശത്ത് തൊഴിലവസരം നൽകുന്നുണ്ട്. നിലവിൽ 200 പേർ ഇത്തരത്തിൽ മലേഷ്യ, ഇന്തോനേഷ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ തൊഴിൽ നേടി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വിദേശ ഏജൻസികളുമായി സർക്കാർ ധാരണയിലെത്തിയ ശേഷമാണ് വിദേശ തൊഴിലവസരങ്ങൾ ഒരുക്കുന്നത്.
സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകുന്നുണ്ട്. സ്ഥലവും വീടുമില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി ഫ്‌ളാറ്റുകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ചമ്പ്രക്കുളം കോളനിയിൽ നടന്ന പരിപാടിയിൽ കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി മുഖ്യാതിഥിയായി. ജനപ്രതിനിധികളായ എം. ആർ. ജയരാജ്, കെ.പി രവീന്ദ്രൻ, കെ കുഞ്ഞുലക്ഷ്മി, വി.കെ സുരേന്ദ്രൻ, വി.സത്യഭാമ, കെ കരുണാകരൻ, വി.ആർ ഭാസി, സി.ആർ.ദീപ, വി.കെ ജമീല, ടി.എ ബിന്ദു, എം.എം. സജി, പി.കെ രേണുക, കെ രാധ, പി.കെ സുദേവൻ, എം.എസ്. ശശികുമാർ, കെ.സുന്ദരൻ എന്നിവർ സംസാരിച്ചു
ചമ്പ്രക്കുളം എസ്.സി കോളനിയുടെ പുനർനിർമാണോദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവഹിക്കുന്നു