ചിറ്റൂർ: കന്നിമാരിയിൽ വീട് കത്തിനശിച്ച് രണ്ട് ലക്ഷത്തിന്റെ നാശനഷ്ടം. കന്നിമാരി പട്ടത്തുവീട്ടൽ അരുൺദേവ് കൃഷ്ണന്റെ വീടാണ് ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ കത്തിനശിച്ചത്. അടുക്കളയും വർക്ക് ഏരിയും ഉൾപ്പെടുന്ന ഭാഗത്തിന്റെ മേൽകൂരയൂൾപ്പെടെ അഗ്‌നിക്കിരയായി. തീ പടരുന്ന സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വൻ ശബ്ദത്തോടെ തീ പടരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചിറ്റൂർ ഫയർഫോഴ്‌സിൽനിന്നും രണ്ട് യൂണിറ്റെത്തി ഒന്നര മണിക്കുറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്ന് ഫയർഫോഴ്‌സ് ജീവനക്കാർ പറഞ്ഞു.
ലീഡിങ്ങ് ഫയർമാൻ സി.കെ. ഹർഷൻ, ഡ്രൈവർ മെക്കാനിക്കൽ കെ.വി. ജയരാജ്, ഫയർമാൻമാരായ വി. ഗുരുവായൂരപ്പൻ, പി. രാജേന്ദ്രപ്രസാദ്, കെ. സജിത്ത് മോൻ, എം. കൃഷ്ണപ്രസാദ്, എൻ. ജയേഷ്, ജി. അജീഷ്, ആർ. ശ്രീജിത്ത്, പി.എം. മഹേഷ്, ഹോം ഗാർഡുമാരായ ആർ. കൃഷ്ണൻകുട്ടി, ആർ. പ്രദീഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.