ഒറ്റപ്പാലം: കൂനത്തറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 18 പവനും 7000 രൂപയും മോഷണം പോയി. പുത്തരിപ്പാടത്ത് നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് വീട്ടുകാർ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ ഇവർ രാത്രി ഒമ്പതോടെയാണ് തിരിച്ചെത്തിയത്. തുടർന്നാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിരിക്കുന്നത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ഡയമണ്ട് ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഡിവൈ.എസ്.പി എൻ.മുരളീധരൻ, സി.ഐ പി.സുജിത് കുമാർ, എസ്.ഐ എ.അജിത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.