tree
വല്ലപ്പുഴ തെങ്ങും വളപ്പിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വൻ മരങ്ങൾ.

ചെർപ്പുളശേരി: ശക്തമായ ഒരു കാറ്റടിച്ചാൽ പൊട്ടിവീഴാവുന്ന വൻ മരങ്ങൾ ചെർപ്പുളശേരി​- പട്ടാമ്പി പാതയിൽ യാത്രക്കാർക്ക് അപകട ഭീഷണിയാവുന്നു. പാതയിൽ വല്ലപ്പുഴ തെങ്ങുംവളപ്പ്, പൊട്ടച്ചിറ, ചൂരക്കോട് കയറ്റം തുടങ്ങിയ ഭാഗങ്ങളിൽ റോഡിന് ഇരുവശത്തുമായാണ് വൻ മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
കഴിഞ്ഞ വർഷം പ്രളയ സമയത്ത് മരങ്ങൾ പൊട്ടിവീണ് പാതയിൽ അപകടം സംഭവിക്കുകയും വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് ആളപായം ഒഴിവായത്. ഇത്തവണ മഴക്കാലത്തിന്റെ തുടക്കത്തിലും മരം പൊട്ടിവീണ് തെങ്ങുംവളപ്പിൽ ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിലേക്ക് അപകട ഭീഷണിയായി ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളെങ്കിലും വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽകാലത്ത് ഈ മരങ്ങൾ തണലേകുമെങ്കിലും തലയ്ക്ക് മുകളിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്.

പല മരങ്ങളും കാലപ്പഴക്കം മൂലം ദ്രവിച്ച അവസ്ഥയിലാണ്. വിഷയത്തിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.