അലനല്ലൂർ: കണ്ണംകുണ്ട് മിനി സ്റ്റേഡിയം വഴി ചേലക്കുന്ന് ഭാഗത്തേക്കുള്ള റോഡ് തകർന്നടിഞ്ഞു. ഹൈസ്‌കൂൾ, മാരിയമ്മൻ ക്ഷേത്രം, ചെട്ടിത്തെരുവ്, കൂമഞ്ചിറ ഭാഗങ്ങളിലേക്ക് അലനല്ലൂർ ടൗണിൽ പ്രവേശിക്കാതെയുള്ള എളുപ്പ വഴിയിലെ റോഡിന്റെ ഭാഗമാണ് പൂർണ്ണമായും തകർന്നത്. ഇത് പ്രദേശവാസികളെ വലക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ പ്രളയക്കാലത്താണ് റോഡിന്റെ ഒരുഭാഗം തകർന്ന്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പാടെ നിലച്ചു.
ഗതാഗതം നിലച്ചതോടെ റോഡ് മുഴുവൻ കാടുപിടിച്ചു. മിനി സ്റ്റേഡിയം മുതൽ ഏകദേശം 250 മീറ്റർ ദൂരം മൺറോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി ഗർത്തമായി. ചെറിയ തോടിന് കുറുകെയുള്ള ഭാഗത്ത് പത്ത് മീറ്ററോളം ഒരടി വീതിയിലുള്ള തിട്ടയിലൂടെ വേണം സാഹസികമായി മറുവശം കടക്കാൻ. കണ്ണംകുണ്ട് ഭാഗത്ത് നിന്നും ഗവ.ഹൈസ്‌കൂളിലേക്ക് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള മാർഗമാണിത്. ഇത് തകർന്നതോടെ ചേലക്കുന്ന് ഭാഗത്തുള്ള വർക്ക് അലനല്ലൂർ ടൗണിലേക്ക് എത്താൻ രണ്ട് കിലോമീറ്ററോളം ചുറ്റണം.
കൂടാതെ അലനല്ലൂർ ടൗണിലും മറ്റും ഗതാഗത തടസങ്ങളോ മറ്റോ ഉണ്ടായാൽ വാഹന യാത്രക്കാർക്ക് ഇതുവഴി അയ്യപ്പൻകാവ്, തിരുവിഴാംകുന്ന് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാനും കഴിഞ്ഞിരുന്നു. ഇതാണ് ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുന്നത്. റോഡിന് സംരക്ഷണ ഭിത്തികെട്ടി അളന്ന് തിട്ടപ്പെടുത്തി സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.