ശ്രീകൃഷ്ണപുരം: വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്നിരിക്കെ അമ്പലപ്പാറ പഞ്ചായത്തിൽ ഭരണസമിതിയുടെ ധൂർത്തെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. അംഗീകാരം വാങ്ങിയ പദ്ധതികൾ ഭേദഗതി ചെയ്ത് വീണ്ടും അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നു.
ജനറൽ വിഭാഗത്തിൽ ഒരു വാർഡിൽ അഞ്ചു വീടുകൾ വാസയോഗ്യമാക്കൻ ഒരുലക്ഷം രൂപ പ്രകാരം 20 വാർഡുകളിലെയും തിരഞ്ഞെടുത്ത വീടുകളുടെ അറ്റകുറ്റപണികൾക്കായി ആകെ നീക്കിയിരുപ്പ് രണ്ടുലക്ഷം. എന്നാൽ, പഞ്ചായത്ത് ഓഫീസിന് മുകളിലെനിലയിൽ പൊതുസഭ മീറ്റിംഗ് ഹാൾ നവീകരണം, ഓഫീസുകളുടെ ഫർണീഷിംഗ്, പഞ്ചായത്ത് മീറ്റിംഗ് ഹാൾ, പഞ്ചായത്ത് ഓഫീസിന് മുൻവശം സൗന്ദര്യവത്കരണം എന്നിവയ്ക്കായി 42 ലക്ഷം രൂപയോളം മാറ്റിവെച്ചിട്ടുണ്ട്. അമ്പലപ്പാറ ടൗണിൽ യാത്രക്കാർക്കായി കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കെ കെട്ടിടത്തിന് മുകളിലായി വായനശാലക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത്രം ധൂർത്ത് ഭരണസമിതി അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പഞ്ചായത്ത് വനിത വ്യവസായ വികസന കേന്ദ്രം ചോർന്നൊലിക്കുകയാണ്. നിർമ്മാണത്തിലെ അപാകത മൂടിവെക്കാൻ മേൽക്കൂര നിർമ്മിക്കാൻ ശ്രമം നടക്കുന്നുണ്ട്. തനത് ഫണ്ടുകൾ ഉപയോഗിച്ച് പ്രവർത്തികൾ നടത്തണമെന്നിരിക്കെ മെയിന്റനൻസ് ഗ്രാൻഡ് തുക വെട്ടിക്കുറച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിൽ ഒരു കുടിവെള്ള പദ്ധതി പോലും പ്രാവർത്തികമാക്കാൻ തയ്യാറാകുന്നിലെന്ന് മാത്രമല്ല നിരവധി പൊതുടാപ്പുകൾ പൂട്ടിയ നിലയിലാണ്. കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് പൊതുടാപ്പ് വഴി വെള്ളം ലഭിക്കുന്നുമില്ല. വികസന സമിതികളിലോ, ഗ്രാമസഭകളിലോ ചർച്ചചെയ്യപ്പെടാതെയാണ് പദ്ധതകൾക്ക് രൂപം നൽകുന്നത്.
സി.പി.എം അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളുടെ വിയോചനക്കുറിപ്പ് ഉള്ളപ്പോഴും പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായി പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം. നിലവിൽ എ.ഇ, ഓവർസീയർ ഒഴിവുകൾ നികത്താനാകത്തതും പദ്ധതികളുടെ പ്രവർത്തനത്തിൽ കാലതാമസം നേരിടുന്നു. ജനദ്രോഹപരമായ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണ സമിതിക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.