നെല്ലിയാമ്പതി: ഗവ.ഓറഞ്ച് ഫാമിൽ പാഷൻ ഫ്രൂട്ട് വിളവടെുപ്പ് തുടങ്ങി. 20 ഏക്കറിലാണ് ഇത്തവണ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. വിവിധ ഇനങ്ങളിലുള്ള മൂന്നുതരം പാഷൻ ഫ്രൂട്ടാണ് ഫാമിലുള്ളത്. സ്‌ക്വാഷ്, ജാം, ജെല്ലി തുടങ്ങിയ ഉല്പന്നങ്ങളാക്കിയാണ് വില്പന നടത്തുന്നത്. ഇതിന്റെ തൊലി ഉപയോഗിച്ച് അച്ചാറും നിർമ്മിച്ച് വിൽക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലുണ്ടായ കനത്ത മഴയിൽ പാഷൻ ഫ്രൂട്ട് കൃഷിക്ക് ഭാഗികമായി നാശം സംഭവിച്ചിരുന്നു. അന്നുണ്ടാക്കിയ ഉല്പന്നങ്ങൾ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം നിരോധിച്ചതോടെ വില്പന നടത്താനും കഴിഞ്ഞില്ല. നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികൾ കൂടുതൽ വാങ്ങുന്നത് പാഷൻ ഫ്രൂട്ട് അനുബന്ധ ഉല്പന്നങ്ങളാണ്.
ഓറഞ്ച് ഫാമിന് മുന്നിലുള്ള വില്പന കേന്ദ്രം, പാലക്കാടുള്ള കൃഷി വകുപ്പിന്റെ വില്പന കേന്ദ്രം, കൃഷി വകുപ്പ് നടത്തുന്ന കാർഷിക മേളകളിലെ സ്റ്റാളുകൾ എന്നിവ വഴിയാണ് പ്രധാനമായും വില്പന. വിളവെടുപ്പ് ആരംഭിച്ചതോടെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി വില്പന നടത്താനുള്ള ശ്രമത്തിലാണ് ഫാം അധികൃതർ.