road
ചെളികുളമായി കിടക്കുന്ന കൽമണ്ഡപം നെഹ്‌റു കോളനി റോഡ്.

പാലക്കാട്: കൽമണ്ഡപത്ത് രണ്ടുമാസം മുമ്പ് ആരംഭിച്ച പൈപ്പ് ലൈൻ നിർമ്മാണംമൂലം പൊറുതിമുട്ടുകയാണ് നാട്ടുകാർ. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൽമണ്ഡപത്തെ വാട്ടർ അതോറിട്ടിയുടെ ജലസേചന പദ്ധതിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ പദ്ധതിയാണ് ജനങ്ങൾക്ക് ദുരിതമായിരിക്കുന്നത്.

പലഭാഗത്തും പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡ് വെട്ടിപ്പൊളിച്ച ഭാഗം ഇപ്പോഴും മൂടാതെ കിടക്കുകയാണ്. മഴ പെയ്തതോടെ കൽമണ്ഡപം ചിറക്കാട് അമ്പലത്തിന് സമീപം, നെഹ്‌റു കോളനി, ഭവാനഗർ, ന്യൂ കോളി, കനാൽ റോഡ് എന്നിവിടങ്ങൾ ചെളുമൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വീതികുറഞ്ഞ ഇടുങ്ങിയ റോഡുകളായ ന്യൂ കോളനി, നെഹ്‌റു കോളനി എന്നിവിടങ്ങളിലെ വീടുകൾക്ക് മുന്നിൽ മുഴുവൻ ചെളിയാണ്. ഇതോടെ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നിവാസികൾ പറയുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ജെല്ലിയും മണ്ണും റോഡോരത്ത് തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് വാഹനയാത്രക്കാരെ ചെറുതൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.


 മാലിന്യം നിറഞ്ഞ് കനാൽറോഡ്
പൈപ്പ് ലൈൻ പ്രവർത്തനത്തിന് പുറമെയാണ് കനാൽ റോഡിൽ മാലിന്യം കുമിഞ്ഞുകൂടുന്നത്. സമീപത്തുള്ള വീടുകളിലെയും കടകളിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മഴ പെയ്തതോടെ കനാലിന് ഇരുവശവും ചെടികൾ വളന്ന് കാടുപിടിച്ചതോടെ ആളുകൾക്ക് മാലിന്യം നിക്ഷേപിക്കാൻ കൂടുതൽ സൗകര്യമായിരിക്കുകയാണ്. വെള്ളം വിടുന്ന സമയത്ത് മാത്രമാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ കനാൽ വൃത്തിയാക്കാറുള്ളത്. ഇത്തരം മാലിന്യങ്ങൾ കനാൽ റോഡിൽ തന്നെയാണ് നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

 പരാതി പറഞ്ഞ് മടുത്തു
പൈപ്പ് ലൈൻ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരോട് പരാതി പറഞ്ഞ് മടുത്തു. നാട്ടുകാരുടെ ബുദ്ധിമുട്ട് കാരണം കഴിഞ്ഞ കൗൺസിൽ യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. കൽമണ്ഡപം 24ാം വാർഡ് മുഴുവൻ പ്രവർത്തനങ്ങൾക്കായി റോഡുകൾ വെട്ടിപ്പൊളിച്ചിരിക്കുകയാണ്. പൊളിച്ച ഭാഗങ്ങൾ താത്കാലികമായി മെറ്റൽവിരിക്കണമെന്ന് പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.

--- ശാന്തി, കൗൺസിലർ, കൽമണ്ഡപം