ഒറ്റപ്പാലം: തെരുവുവിളക്ക് പരിപാലന കരാറിന് ഓപ്പൺ ടെൻഡർ വിളിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. തെരുവ് വിളക്ക് പരിപാലനത്തെ ചൊല്ലി അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിലാണ് കൗൺസിലർമാർ ഓപ്പൺ ടെൻഡർ വിളിക്കാമെന്ന തീരുമാനത്തിലെത്തിയത്. നടപ്പാക്കാൻ പറ്റിയില്ലെങ്കിൽ ഇ-ടെണ്ടർ വിളിക്കും.
കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടര മാസമായി തെരുവ് വിളക്ക് പരിപാലനം നടക്കുന്നില്ല. വിളക്കുകൾ സ്ഥിരമായി പണിമുടക്കുന്ന പ്രശ്‌നം പരിഹരിക്കാൻ പുതിയ ആശയം യു.ഡി.എഫ് കൗൺസിലർമാർ മുന്നോട്ടുവച്ചു. വാർഷിക പരിപാലനത്തിന് കരാർ കൊടുക്കുന്നതിന് പകരം കമ്പനികളുടെ മൂന്നുവർഷം ഗ്യാരണ്ടിയുള്ള ലൈറ്റുകൾ സ്ഥാപിക്കാമെന്നാണ് മുന്നോട്ടുവച്ച ആശയം. പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയിൽ ആകെയുള്ള 3645 തെരുവ് വിളക്കുകൾക്ക് പരിപാലനത്തിന് വേണ്ടി ഒരുവർഷത്തേക്ക് 29 ലക്ഷം രൂപയ്ക്കാണ് കരാർ നൽകുന്നത്. മുഴുവൻ ലൈറ്റുകളും മാറ്റി മൂന്നുവർഷം ഗ്യാരണ്ടിയുള്ള അതാത് കമ്പനികൾ പരിപാലനം നടത്തുന്നവ സ്ഥാപിക്കാൻ 52.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
ഈ പണം ഘട്ടംഘട്ടമായി അടച്ചാൽ മതിയെന്നതും നഗരസഭയ്ക്ക് ഗുണകരമാണെന്ന് കൗൺസിലർമാർ പറഞ്ഞു. ഈ ആവശ്യത്തിനെതിരെ ഒരുവിഭാഗം കൗൺസിലർമാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അനുമതി നൽകി. പെട്ടന്ന് നടപ്പാക്കാനാകില്ലെന്നും ചർച്ച ചെയ്ത് അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താമെന്നുമാണ് തീരുമാനം.