പാലക്കാട്: പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിന് മാതൃകയായി ഉയർന്നുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയുടെ ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിനുശേഷം ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിന്റെ മെയിൻ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസിന് കൂടുതൽ അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജ് ആരംഭിച്ചത്. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പാർശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ കേന്ദ്രം ഉപേക്ഷിക്കുമ്പോൾ സംസ്ഥാന ബഡ്ജറ്റിൽ ജനസംഖ്യാനുപാതത്തിൽ കൂടുതൽ വിഹിതം നീക്കിവെയ്ക്കാൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് പി.എസ്.സി വഴിയുള്ള നിയമനം കാര്യക്ഷമമാക്കി. പി.എസ്.സിയിൽ സംവരണം കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. ഇത്തരം നടപടികളെ ഏതെങ്കിലും തരത്തിൽ ക്ഷീണിപ്പിക്കാനുള്ള പ്രവർത്തനം ആരു നടത്തിയാലും നാട് അതിനെ പൂർണമായി ഒറ്റപ്പെടുത്തും. നല്ല വിദ്യാഭ്യാസവും ജോലിയും പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനായി. മന്ത്രി കെ.കെ.ശൈലജ മുഖ്യാതിഥിയായി. ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കളക്ടർ ഡി.ബാലമുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, ഡി.എം.ഒ ഡോ: കെ.പി.റീത്ത എന്നിവർ പങ്കെടുത്തു.
ഫോട്ടോ... ഗവ. മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു